ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ഐടി ജീവനക്കാരന്‍ അമ്മയെ കൊലപ്പെടുത്തി 25 പവനുമായി കടന്നുകളഞ്ഞു. ലോകത്തെമൊത്തം നടുക്കിയ സംഭവം നടന്നത് ചെന്നൈയിലാണ്. 23 കാരനായ എസ് ദഷ്വന്ത് ആണ് 45 കാരിയായ അമ്മ സരളയെ കൊലപ്പെടുത്തിയത്.
സരളയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ഭര്‍ത്താവ് ശേഖര്‍ മകനെ വിളിച്ചു അമ്മ എവിടെയെന്ന് തിരക്കി. എന്നാല്‍ താന്‍ വീടിനു പുറത്താണെന്ന് പറഞ്ഞ് അച്ഛന്റെ ഫോണ്‍ കോള്‍ മകന്‍ കട്ട് ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ സരളയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശേഖറിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകനാണ് കൊല നടത്തിയതെന്ന് കണ്ടെത്തി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏഴുവയസുകാരിയായ ഹാസിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ അറസ്റ്റിലായത്. സെപ്റ്റംബറില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. ജാമ്യത്തിലിറങ്ങിയതിനു ശേഷം ദഷ്വന്ത് തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായി ഹാസിനിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.