ഓസീസിനെതിരായ ടി20 പരമ്പര: ക്യാപ്റ്റനായി സൂര്യകുമാർ യാദവ്, സഞ്ജുവും ടീമിലെത്തും

വെള്ളി, 10 നവം‌ബര്‍ 2023 (18:58 IST)
ലോകകപ്പിന് തൊട്ടുപിന്നാലെ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ ടീം ഇന്ത്യ ഇറങ്ങുക അടിമുടി മാറ്റങ്ങളോടെയെന്ന് റിപ്പോര്‍ട്ട്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂര്യകുമാര്‍ യാദവ് ആയിരിക്കും പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക.
 
ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പരിക്ക് തുടരുന്ന സാഹചര്യത്തിലാണ് സൂര്യയടക്കമുള്ള താരങ്ങള്‍ക്ക് നറുക്ക് വീണത്. മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കും. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,ജസ്പ്രീത് ബുമ്ര തുടങ്ങി സീനിയര്‍ താരങ്ങളില്ലാതെയാകും ഇന്ത്യ പരമ്പരയില്‍ കളിക്കുക.
 
സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ തിലക് വര്‍മ, റിങ്കു സിംഗ്,അര്‍ഷദ്ദീപ് സിംഗ്, രവി ബിഷ്‌ണോയി,യശ്വസി ജയ്‌സ്വാള്‍ എന്നീ യുവതാരങ്ങള്‍ ടീമിലെത്തിയേക്കും. സയ്യ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ റിയാന്‍ പരാഗ്, പരിക്കിന്റെ പിടിയിലായിരുന്ന ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എന്നിവരും ടീമിലെത്തിയേക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍