മാക്‌സ്‌വെല്ലിനൊപ്പം ഉറച്ചുനിന്ന ഇന്നിങ്ങ്‌സ്, ഒട്ടും കമ്മിയല്ല കമ്മിന്‍സിന്റെ ആ 12 റണ്‍സ്

ബുധന്‍, 8 നവം‌ബര്‍ 2023 (13:34 IST)
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളില്‍ ഒന്ന് പിറന്ന മത്സരമായിരുന്നു അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയ പോരാട്ടം. ലോകകപ്പ് സെമിഫൈനല്‍ സ്ഥാനമുറപ്പിക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് വിജയം അത്യാവശ്യമായിരുന്നെങ്കില്‍ ലോകകപ്പ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മത്സരത്തില്‍ അഫ്ഗാനും വിജയം അനിവാര്യമായിരുന്നു. ഓസീസ് ബാറ്റിംഗിനിറങ്ങി 20 ഓവര്‍ വരെയും എല്ലാ കാര്യങ്ങളും അഫ്ഗാന് അനുകൂലമായിരുന്നെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ പാറ്റ് ഒത്തുചേര്‍ന്ന എട്ടാം വിക്കറ്റിലെ കൂട്ടുക്കെട്ട് മത്സരത്തിലെ അഫ്ഗാന്റെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു.
 
128 പന്തില്‍ 21 ഫോറും 10 സിക്‌സുകളുമായി സ്വതസിദ്ധമായ രീതിയില്‍ മാക്‌സ്‌വെല്‍ ആഞ്ഞടിച്ചപ്പോള്‍ മറ്റൊരറ്റത്ത് വിക്കറ്റ് കാക്കുന്ന വേഷമായിരുന്നു ഓസീസ് നായകന്‍ കമ്മിന്‍സിന് ചെയ്യേണ്ടതായി വന്നത്. കമ്മിന്‍സിന് ശേഷം ബാറ്റ് ചെയ്യുന്നവര്‍ ഓസീസ് ടീമില്‍ ഇല്ലാ എന്ന സാഹചര്യത്തില്‍ സ്‌കോറിംഗ് ഉത്തരവാദിത്വം മാക്‌സ്‌വെല്ലും വിക്കറ്റ് നഷ്ടമാകില്ലെന്ന് ഉറപ്പിച്ച് കമ്മിന്‍സും നിലയുറപ്പിക്കുകയായിരുന്നു. പേശിവലിവ് മൂലം മാക്‌സ്‌വെല്‍ കഷ്ടപ്പെട്ട ഘട്ടത്തില്‍ സിംഗിളുകളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ പറ്റാതിരിക്കുക കൂടി ചെയ്തതോടെ മത്സരത്തില്‍ ഒരു ഫോര്‍ സഹിതം 12 റണ്‍സ് മാത്രമാണ് കമ്മിന്‍സ് നേടിയത്.
 
മത്സരത്തില്‍ 68 പന്തുകളാണ് താരം നേരിട്ടത്. 8 റണ്‍സ് മാത്രമാണ് സിംഗിളുകളിലൂടെ താരം സ്വന്തമാക്കിയത്. അവസാന ബാറ്റര്‍മാരെ അഫ്ഗാന്‍ ടോപ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇട്ടുനല്‍കരുതെന്ന നിശ്ചയദാര്‍ഡ്യമാണ് ഐപിഎല്ലിലെ ഏറ്റവും വേഗതയാര്‍ന്ന ഫിഫ്റ്റി താന്‍ സ്വന്തമാക്കിയ വാംഖഡെയില്‍ ഒരു ഷോട്ടിന് പോലും ശ്രമിക്കാതെ കമ്മിന്‍സിനെ പിടിച്ചുനിര്‍ത്തിയത്. മാക്‌സ്‌വെല്‍ തന്റെ ജോലി ഒരു ഭാഗത്ത് ഭംഗിയായി തുടരവെ വിക്കറ്റ് വീഴാതെ കാത്ത കമ്മിന്‍സിന്റെ പ്രകടനം മറ്റൊരു നാളില്‍ സ്‌കോര്‍ ബോര്‍ഡ് മാത്രം നോക്കുന്ന തലമുറയ്ക്ക് കണ്ടാല്‍ മനസ്സിലാകണമെന്നില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍