നായകനായി മുന്നിൽ നിന്നും നയിക്കാൻ ഒരു റെയ്ഞ്ച് വേണം, ദാദയുടെ സിംഹാസനം തകർക്കാനൊരുങ്ങി രോഹിത്

വ്യാഴം, 2 നവം‌ബര്‍ 2023 (15:40 IST)
ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് പല താരങ്ങളും നമ്മളെ അമ്പരപ്പിച്ചിട്ടുണ്ട്. 2003ല്‍ 673 റണ്‍സ് ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയ സച്ചിനായിരുന്നു അന്ന് ഇന്ത്യന്‍ ടീമിനെ ഫൈനല്‍ വരെയും തോളിലേറ്റിയത്. ഇത്തരത്തില്‍ സമാനമായ പ്രകടനങ്ങള്‍ പലരും നടത്തിയിട്ടുണ്ട്. എന്നാല്‍ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ലോകകപ്പില്‍ മികവ് പുലര്‍ത്തുക എന്നത് എളുപ്പമല്ല.
 
എന്നാല്‍ ഏകദിന ലോകകപ്പിലെ 7 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒരു സെഞ്ചുറിയും 2 അര്‍ധസെഞ്ചുറിയും സഹിതം 402 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അടിച്ചുകൂട്ടിയിരിക്കുന്നത്. ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് നേട്ടത്തിനരികിലാണ് താരം. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പേരിലുള്ള റെക്കോര്‍ഡിലാണ് രോഹിത് കണ്ണുവെയ്ക്കുന്നത്. 2003ല്‍ നടന്ന ഏകദിന ലോകകപ്പില്‍ 465 റണ്‍സായിരുന്നു ഗാംഗുലി അടിച്ചെടുത്തത്. സെമി ഫൈനല്‍ മത്സരങ്ങളടക്കം ബാക്കിനില്‍ക്കെ ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ 63 റണ്‍സാണ് രോഹിത്തിന് ആവശ്യമുള്ളത്.
 
ഗാംഗുലിയ്ക്ക് ശേഷം വന്ന ദ്രാവിഡ് 2007ലെ ലോകകപ്പില്‍ 81 റണ്‍സായിരുന്നു സ്വന്തമാക്കിയത്. 2011ല്‍ നായകനായ എം എസ് ധോനി ആ ലോകകപ്പില്‍ നേടിയത് 241 റണ്‍സായിരുന്നു. 2015ലെ ലോകകപ്പില്‍ 237 റണ്‍സാണ് ധോനി നേടിയത്. 2019ല്‍ നായകനെന്ന നിലയില്‍ 443 റണ്‍സായിരുന്നു വിരാട് കോലിയുടെ സമ്പാദ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍