ഹോളണ്ട് തല്ലിപ്പേടിപ്പിച്ചു; ഇംഗ്ലണ്ട് വിറച്ചുജയിച്ചു
ബുധന്‍, 23 ഫെബ്രുവരി 2011 (12:33 IST)
PRO
PRO
ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഹോളണ്ടിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തി. കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. താരതമ്യേന ദുര്‍ബലരെന്ന് വിലയിരുത്തപ്പെടുന്ന ഓറഞ്ച് പട ശക്തമായ പോരാട്ടം കാഴ്ച വച്ചാണ് കീഴടങ്ങിയത്. ഹോളണ്ട് ഉയര്‍ത്തിയ 293 റണ്‍സിന്റെ ലക്‍ഷ്യം എട്ടു പന്ത് ബാക്കിനില്‌ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. ഹോളണ്ടിന് വേണ്ടി സെഞ്ച്വറിയടിക്കുകയും രണ്ട് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്‌ത റിയാന്‍ ടെന്‍ ഡ്യുഷാറ്റെയാണ് മാന്‍ ഒഫ് ദ മാച്ച്.
ടോസ് നേടി ആദ്യം ബാറ്റു ചെയ്‌ത ഹോളണ്ട് 50 ഓവറില്‍ ആറുവിക്കറ്റിന് 292 റണ്‍സ് നേടി. ഡോഷറ്റിന്റെ സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഓറഞ്ച് പട കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയത്. ഡോഷറ്റ് 110 പന്തില്‍ നിന്ന് 119 റണ്‍സാണെടുത്തത്. മൂന്ന് സിക്സറുകളുടെയും ഒമ്പത് ബൌണ്ടറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് ഡോഷറ്റ്.
ടോം കൂപ്പര്‍(47), വെല്‍സി ബറൈസി(29), ടോം ഡി ഗ്രൂത്ത്( പുറത്താകാതെ 28), പീറ്റര്‍ ബോറണ്‍(പുറത്താകാതെ 35) എന്നിവരും ഹോളണ്ട് നിരയില്‍ തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്‌ളണ്ട് ക്യാപ്റ്റന്‍ സ്‌ട്രോസിന്റെയും (88) ജൊനാഥന്‍ ട്രോട്ടിന്റെയും (62) അര്‍ദ്ധസെഞ്ച്വറിയുടെയും കരുത്തിലാണ് വിജയതീരം കണ്ടത്. കെവിന്‍ പീറ്റേഴ്സന്റെ (39) പ്രകടനവും വിജയത്തില്‍ നിര്‍ണ്ണായകമായി. അഞ്ചാം വിക്കറ്റില്‍ കോളിംഗ് വുഡും രവി ബൊപാരയും ചേര്‍ന്നു 32 പന്തില്‍ 55 റണ്‍സ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു.