ഡ്രെസിംഗ് റൂമിലെ ടി വി അടിച്ചുപൊട്ടിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ് മാപ്പ് പറഞ്ഞു. പോണ്ടിംഗ് തകര്‍ത്ത ടിവിക്ക് പകരം പുതിയത് വാങ്ങിനല്‍കുമെന്ന് താരത്തിനു വേണ്ടി ഓസീസ് ടീം മാനേജര്‍ ലാച്ചി പാറ്റേഴ്‌സണ്‍ അറിയിച്ചു.
സിംബാബ്‌വെയ്ക്കെതിരെയുള്ള മത്സരത്തില്‍ അപ്രതീക്ഷിതമായി റണ്‍ ഔട്ടായത് പോണ്ടിംഗിനെ നിരാശനാക്കി. ഇതേതുടര്‍ന്ന് ഡ്രെസ്സിംഗ് റൂമിലെത്തിയ പോണ്ടിംഗ് എല്‍ സി ഡി ടി വി അടിച്ചുപൊട്ടിക്കുകയായിരുന്നു.
അഭിമാനപ്പോരാട്ടമായ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത് പോണ്ടിംഗിനെ പ്രതിരോധത്തിലാക്കിയിരുന്നു. വിമര്‍ശകരുടെ വായ അടപ്പിക്കാന്‍ ടീമിന് വന്‍ വിജയം സമ്മാനിക്കുന്നതിനോടൊപ്പം വ്യക്തിഗത മികവ് പ്രകടിപ്പിക്കേണ്ടതും പോണ്ടിംഗിന് അനിവാര്യമായിരുന്നു.
ഈ ഒരു പശ്ചാത്തലത്തിലാണ് പോണ്ടിംഗ് ലോകകപ്പ് മത്സരത്തിനിറങ്ങിയത്. മികച്ച വിജയത്തോടെ പത്താം ലോകകപ്പില്‍ തുടക്കമിടുക എന്ന ലക്‍ഷ്യമായിരുന്നു പോണ്ടിംഗിന്. എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല. സിംബാബ്‌വെയുടെ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ കങ്കാരുക്കള്‍ ആദ്യം പതറുകയായിരുന്നു. മൊത്തം സ്കോര്‍ അത്ര മെച്ചമല്ലാത്ത അവസ്ഥയില്‍ പോണ്ടിംഗ് അപ്രതീക്ഷിതമായി റൌണ്‍ ഔട്ടാകുകയും ചെയ്തു. ഇതാണ് പോണ്ടിംഗിനെ പ്രകോപിച്ചത്.