രോഹിതെന്ന റൺ‌വേട്ടക്കാരൻ, ഇത് റെക്കോർഡ്

വെള്ളി, 12 ജൂലൈ 2019 (13:15 IST)
ലോകകപ്പിന്റെ അലയൊളികൾ അവസാനിച്ചിട്ടില്ല. പക്ഷേ, ആ ആകാംഷയും സന്തോഷവും ഇന്ത്യയിലില്ല. കാരണം, അവരുടെ ഡ്രീം ടീം പടിയിറങ്ങിക്കഴിഞ്ഞു. ന്യൂസിലൻഡിനോട് 18 റൺസിന് പരാജയം സമ്മതിച്ച് ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്തായി. ആരാധകർക്കും മുൻ‌താരങ്ങൾക്കും വിശ്വസിക്കാൻ കഴിയാത്ത പരാജയം.  
 
ഇനി ഒന്നേ അറിയേണ്ടതുള്ളു, ആരാകും കപ്പുയർത്തുക? ഇംഗ്ലണ്ടോ, ന്യൂസിലൻഡോ? ആരായാലും അത് ചരിത്രമായിരിക്കും. കളി ഫൈനലിനോട് അടുക്കുമ്പോൾ ഏറ്റവും കൂടുതൽ റൺസ് അടിച്ചെടുത്തവരുടെ കണക്കുകൾ സൂചിപ്പിക്കുന്നതിങ്ങനെ. ഈ പട്ടികയിൽ ഇപ്പോഴും ഒന്നാമൻ ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ തന്നെയാണ്.  
 
9 കളിയിൽ കത്തിക്കയറിയ രോഹിതാണ് റൺ‌വേട്ടക്കാരൻ. 9 കളിയിൽ നിന്നായി 648 റൺസ് നേടി ഒന്നാം സ്ഥാനത്താണ് രോഹിത് ഇപ്പോഴുള്ളത്. 140ആണ് രോഹിതിന്റെ ഉയർന്ന സ്കോർ. ഇതിൽ 5 സെഞ്ച്വറിയും 1 അർധസെഞ്ച്വറിയും ഉൾപ്പെടും. ഈ ടൂർണമെന്റിൽ ഏറ്റവും അധികം ഫോർ അടിച്ചതും രോഹിത് തന്നെ. 67 ആണ് താരത്തിന്റെ കൈവശമുള്ളത്. 14 സിക്സും. 
 
പട്ടികയിൽ രണ്ടാം സ്ഥാനം ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ ആണ്. 10 കളികളിൽ നിന്നായി 647 റൺസാണ് വാർണർ അടിച്ചത്. 3 സെഞ്ച്വറിയും 3 അർധസെഞ്ച്വറിയുമാണ് വാർണറുടെ സമ്പാദ്യം. 66 ബൌണ്ടറിയും ഉണ്ട്. ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസനും ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസിലൻഡിന്റെ കെയിൻ വില്യംസണുമാണ് വാർണർക്ക് പിന്നിലുള്ളത്. 
 
നിലവിൽ രോഹിതിന്റെ റെക്കോർഡ് പൊട്ടിക്കാൻ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനും ന്യൂസിലൻഡിന്റെ ക്യാപ്റ്റനും മാത്രമേ സാധിക്കുകയുള്ളു. കാരണം, ഇരുവരും ഫൈനലിൽ പോരാടാനിറങ്ങുന്നുണ്ട്. 549 റൺസാണ് റൂട്ടിന്റെ കൈവശമുള്ളത്. 548 വില്യംസണും സ്വന്തമാണ്. ഇരുവർക്കും ഫൈനലിൽ സെഞ്ച്വറി അടിക്കാനായാൽ വാർണറേയും ഒന്നാം സ്ഥാനത്തുള്ള രോഹിതിനേയും നിഷ്പ്രയാസം മറികടക്കാൻ സാധിക്കും. ഇരുവർക്കും രോഹിതിനെ പൊട്ടിക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍