ധോണിയുടെ വിരമിക്കല്‍; പ്രതികരണവുമായി ബിസിസിഐ അംഗം - ആഞ്ഞടിച്ച് മുന്‍താരങ്ങള്‍
വെള്ളി, 12 ജൂലൈ 2019 (12:05 IST)
സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയം ഏറ്റുവാങ്ങി വിരാട് കോഹ്‌ലിയും സംഘവും ലോകകപ്പില്‍ നിന്നും പുറത്തായത് ഏറെ വിവാദങ്ങളുണ്ടാക്കി. ക്യാപ്‌റ്റന്റെയും ടീം മാനേജ്‌മെന്റിന്റെയും പിഴവാണ് തോല്‍വിക്ക് കാരണമായതെന്ന ആരോപണം ശക്തമായി.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, സൌരവ് ഗാംഗുലി, വി വി എസ് ലക്ഷമണന്‍ എന്നീ സൂപ്പര്‍താരങ്ങള്‍ മാനേജ്‌മെന്റിനെതിരെ ശബ്ദമുയര്‍ത്തി.
മഹേന്ദ്ര സിംഗ് ധോണിയെ അഞ്ചാമനായി ക്രീസില്‍ എത്തിച്ചിരുന്നെങ്കില്‍ മത്സരഫലം മറിച്ചായേനെ എന്നാണ് ഇവര്‍ വാദിക്കുന്നത്. കരുതലോടെ കളിക്കാൻ ധോണിക്ക് മാത്രമേ കഴിയൂ എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. ഇതിനിടെ ടീം തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ ധോണി വിരമിക്കുമെന്ന പ്രചാരണവും ശക്തമായി.
റിപ്പോര്‍ട്ടുകള്‍ ശക്തമായതോടെ ധോണിയുടെ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് തനിക്കറിയില്ലെന്നാണ് മാധ്യമപ്രവര്‍ത്തകരോട് കോഹ്‌ലി പറഞ്ഞത്. എന്നാല്‍, ധോണി വിരമിക്കരുതെന്ന ആവശ്യമുയര്‍ത്തി ബിസിസിഐ ഭരണസമിതി അംഗം ഡയാന എഡുൽജി രംഗത്തുവന്നു.
“ധോണിക്ക് ഇനിയും ഏറെനാൾ കളിക്കാനാവും. യുവതാരങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകാൻ ടീമിൽ തുടരണം. ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് ധോണി ആണെന്നും“- ഡയാന എഡുൽജി പറഞ്ഞു.