അതൊക്കെ അവന്റെ അഭിനയം ചെഹല്‍ നമ്മള്‍ വിചാരിച്ച ആളല്ല: യുപിക്കെതിരെ 152 പന്തില്‍ 48, മധ്യപ്രദേശിനെതിരെ 142 പന്തില്‍ 27, ഇതെന്ത് മാറ്റമെന്ന് ആരാധകര്‍
ബൗളിംഗ് കൊണ്ട് ബാറ്റര്‍മാരെ കഷ്ടപ്പെടുത്തുന്നതായിരുന്നു തന്റെ പഴയ വിനോദമെങ്കില്‍ ഇപ്പോള്‍ ബൗളര്‍മാരെ പന്തെറിഞ്ഞ് ക്ഷീണിപ്പിക്കുന്നതാണ് ചെഹലിന്റെ പുതിയ ഹോബി. രഞ്ജി ട്രോഫിയില്‍ ഹരിയാനയ്ക്കായി കളിക്കുന്ന ചെഹല്‍ കഴിഞ്ഞ 2 കളികളിലും ബാറ്റ് കൊണ്ട് മികച്ച പ്രകടനമാണ് നടത്തിയത്. സീസണിലെ ആദ്യ മത്സരത്തില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ ഉത്തര്‍പ്രദേശിനെതിരെ 152 പന്തില്‍ 6 ഫോറുകള്‍ സഹിതം 48 റണ്‍സാണ് താരം നേടിയത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ 142 പന്തുകള്‍ നേരിട്ട് 27 റണ്‍സും താരം നേടി.
ഉത്തര്‍പ്രദേശിനെതിരെ പത്താമനായി ക്രീസിലെത്തിയ ചെഹല്‍ അര്‍ധസെഞ്ചുറി കൂട്ടുക്കെട്ട് നേടി ആരാധകരെ ഞെട്ടിച്ചുകളഞ്ഞു. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ചെഹലിന്റെ പ്രകടനമികവില്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ ലീഡ് നേടാന്‍ ഹരിയാനയ്ക്കായി. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിനെതിരെയും ചെഹല്‍ ഞെട്ടിച്ച് കളഞ്ഞത്. ഒന്‍പതാം വിക്കറ്റില്‍ 67 റണ്‍സാണ് ചെഹല്‍- ഹര്‍ഷല്‍ പട്ടേല്‍ കൂട്ടുക്കെട്ട് സ്വന്തമാക്കിയത്. 41 മത്സരങ്ങളിലേക്ക് കടന്ന ഫസ്റ്റ് ക്ലാസ് കരിയറില്‍ ചെഹലിന്റെ ഉയര്‍ന്ന സ്‌കോറാണ് 48 റണ്‍സ്. രാജ്യാന്തര, ആഭ്യന്ത്ര ക്രിക്കറ്റിലെ ചെഹലിന്റെ ഉയര്‍ന്ന സ്‌കോറും ഇത് തന്നെ. ഇതോടെ ഇനി വേണമെങ്കില്‍ ചെഹലില്‍ നിന്നും സെഞ്ചുറി പോലും സംഭവിച്ചേക്കാമെന്നും രാജസ്ഥാന് വേണ്ടി ചിലപ്പോള്‍ ഓപ്പണിംഗ് ഇറങ്ങുന്നത് വരെ കാണേണ്ടി വരുമെന്നും ആരാധകര്‍ പറയുന്നു.