ജഡേജക്ക് പരിക്ക്: യുവരാജ് ലോകകപ്പില്‍ കളിച്ചേക്കും

Webdunia
ഞായര്‍, 4 ജനുവരി 2015 (12:41 IST)
ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടി കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഓള്‍ റൌണ്ടര്‍ യുവരാജ് സിംഗിന് ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധ്യത തെളിയുന്നു. ലോകകപ്പിന്റെ 30 അംഗടീമില്‍ ഇടം നേടിയ ഓള്‍ റൌണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റതാണ് യുവിയുടെ ലോകകപ്പിലേക്കുള്ള സാധ്യതയ്ക്ക് നിറം നല്‍കുന്നത്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് രവീന്ദ്ര ജഡേജയ്ക്ക പരിക്കേറ്റത്.
ജനുവരി ആറിനാണ് ലോകകപ്പിനുള്ള അവസാന ടീം തെരഞ്ഞെടുക്കുന്നത്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജഡേജയ്ക്ക് കായികക്ഷമത വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ല എന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ യുവരാജ് സിംഗിന് ലോകകപ്പ് ടീമില്‍ കളിക്കാനുള്ള അവസരമൊരുങ്ങും.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനം തുടരുന്ന യുവി മൂന്ന് സെഞ്ചുറികള്‍ ആണ് അടിച്ച് കൂട്ടിയത്. രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടിയിട്ടുള്ളതെന്നും യുവിയാണ്. 2007 ട്വന്റി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് നേടാന്‍ ഇന്ത്യയെ സഹായിച്ച മുന്‍നിര താരമായിരുന്നു ഈ ഇടം കൈയ്യന്‍ ബാറ്റ്സ്‌മാന്‍. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കുറച്ചുകാലം കളിയില്‍ നിന്ന് വിട്ടുനിന്ന യുവി 2012ലാണ് തിരിച്ചുവരുന്നത്. എന്നാല്‍ തിരിച്ചുവരവില്‍ യുവിക്ക് വേണ്ടത്ര ഫോം കണ്ടെത്താനായില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.