സതാംപ്ടണില്‍ തോല്‍വി മണത്ത് ഇന്ത്യ; ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം

Webdunia
ബുധന്‍, 23 ജൂണ്‍ 2021 (19:20 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ തോല്‍വിയിലേക്ക്. ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടത് വെറും 139 റണ്‍സ്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 170 ല്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 32 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 
 
മഴ മാറി നിന്നാല്‍ 40 ഓവര്‍ എങ്കിലും ന്യൂസിലന്‍ഡിന് ബാറ്റ് ചെയ്യാന്‍ സാധിക്കും. ഇതിനുള്ളില്‍ 139 റണ്‍സ് എടുത്താല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ പട്ടം സ്വന്തമാക്കാം. എന്നാല്‍, ബാറ്റിങ് ദുഷ്‌കരമായ സതാംപ്ടണിലെ പിച്ചില്‍ കിവീസ് എന്ത് തന്ത്രമാണ് പുറത്തെടുക്കുകയെന്ന് കാത്തിരുന്ന് കാണാം. 
 
ന്യൂസിലന്‍ഡിന്റെ വിക്കറ്റുകള്‍ അതിവേഗം വീഴ്ത്താന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിക്കൂ. സ്വിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യ പരമാവധി ശ്രമിക്കും. മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും ആയിരിക്കും ബൗളിങ് ആക്രമണം നയിക്കുക. 
 
രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് 88 പന്തില്‍ 41 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയി. രോഹിത് ശര്‍മ 81 പന്തില്‍ 30 റണ്‍സ് നേടി. മറ്റാര്‍ക്കും 20 ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ സാധിച്ചില്ല. 
 
ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി നാല് വിക്കറ്റും ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റും കെയ്ല്‍ ജാമിസണ്‍ രണ്ട് വിക്കറ്റും നേടി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article