കഴിഞ്ഞ ഐപിഎല്ലിലെ അവിശ്വസനീയമായ പ്രകടനത്തിൻ്റെ മികവിലാണ് വെറ്ററൻ താരം ദിനേഷ് കാർത്തിക് ഇന്ത്യൻ ടി20 ലോകകപ്പ് ടീമിൽ ഇടം നേടുന്നത്. റിഷഭ് പന്തിനൊപ്പം പരിഗണിക്കപ്പെട്ടിരുന്ന സഞ്ജു സാംസണെ തഴഞ്ഞായിരുന്നു ദിനേഷ് കാർത്തിക് ലോകകപ്പ് ടീമിൽ ഇടം നേടിയത്. താരത്തിൻ്റെ ഫിനിഷിങ് മികവ് ലോകകപ്പിൽ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ ഈ ലോകകപ്പ് താരത്തിൻ്റെ ടി20 കരിയറിന് ഫിനിഷ് ലൈൻ ആകുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 15 പന്തിൽ നിന്നും 6 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. മത്സരത്തിൻ്റെ പതിനഞ്ചാം ഓവറിൽ പരിക്കിനെ തുടർന്ന് ഗ്രൗണ്ടിൽ നിന്നും മടങ്ങിയ കാർത്തികിന് പകരക്കാരനായി റിഷഭ് പന്തായിരുന്നു പിന്നീട് വിക്കറ്റ് കാത്തത്. മത്സരശേഷം ദിനേഷ് കാർത്തികിൻ്റെ പരിക്ക് ഭുവനേശ്വർ കുമാർ സ്ഥിരീകരിച്ചിരുന്നു. ഇതോടെ വരാനുള്ള മത്സരങ്ങളിൽ റിഷഭ് പന്ത് കീപ്പറായി എത്താനുള്ള സാധ്യത തെളിഞ്ഞു.
നിലവിൽ ബാറ്റ് കൊണ്ട് മാത്രമല്ല കീപ്പിങ്ങിലും വലിയ പ്രകടനമല്ല ദിനേഷ് കാർത്തിക് കാഴ്ചവെയ്ക്കുന്നത്. സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നീ യുവതാരങ്ങൾ പുറത്തിരിക്കുമ്പോൾ പരിക്ക് മൂലം ഇനിയുള്ള മത്സരങ്ങൾ കാർത്തികിന് നഷ്ടമാവുകയാണെങ്കിൽ ലോകകപ്പിന് പിന്നാലെ താരത്തിൻ്റെ കരിയറിന് കൂടിയാകും ഫിനിഷിങ് സംഭവിക്കുക.