WTC Final: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഓവലില്‍ തുടക്കമായിരിക്കുകയാണ്. ടോസ് ലഭിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മുതലാണ് ഫൈനല്‍ മത്സരം നടക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റോറിലും മത്സരം തത്സമയം കാണാം.
കൈകളില്‍ കറുപ്പ് ബാന്‍ഡ് ധരിച്ചാണ് ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും താരങ്ങള്‍ ആദ്യദിനം കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിക്കുന്നതിന്റെ ഭാഗമായാണ് ഇരു ടീമിലെയും താരങ്ങള്‍ കറുപ്പ് ബാന്‍ഡ് ധരിച്ചിരിക്കുന്നത്. ഒഡിഷ ട്രെയിന്‍ അപകടത്തില്‍ 250 ല്‍ അധികം പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയ ഗാനത്തിന്റെ സമയത്ത് ഇരു ടീമുകളും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു.
അതേസമയം നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയിരിക്കുന്നത്. രവിചന്ദ്രന്‍ അശ്വിന്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ല. ഏക സ്പിന്നറായി രവീന്ദ്ര ജഡേജയ്ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ശ്രികര്‍ ഭരത്, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്