പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്‍ക്കാന്‍ കാരണങ്ങള്‍ ഇതാണ്

തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (08:29 IST)
ടി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്‍ക്കാന്‍ കാരണങ്ങള്‍ നിരവധി. ടോസ് നഷ്ടപ്പെട്ടതാണ് ഇന്ത്യക്ക് ആദ്യം തിരിച്ചടിയായത്. ടോസ് ജയിച്ച പാക്കിസ്ഥാന്‍ നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ ഇന്ത്യക്ക് താല്‍പര്യമില്ലായിരുന്നു. പിച്ചിന്റെ അവസ്ഥ മനസിലാക്കിയ ഇന്ത്യന്‍ ക്യാംപ് രണ്ടാമത് ബാറ്റ് ചെയ്യുകയാണ് ഉചിതമെന്ന് തീരുമാനിച്ചിരുന്നു. ടോസ് ജയിച്ചാല്‍ ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നു എന്ന് കോലിയും പറഞ്ഞു. 
 
ഷഹീന്‍ ഷാ അഫ്രീദിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തത് വലിയ തിരിച്ചടിയായി. പാക്കിസ്ഥാനെ നേരിടുന്നതിനു മുന്‍പ് തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഷഹീന്‍ ഷാ അഫ്രീദിയെ ശ്രദ്ധിച്ചു കളിക്കണമെന്നായിരുന്നു ആ സുപ്രധാന നിര്‍ദേശം. എന്നാല്‍, ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ശങ്കിച്ചുനിന്നു. റണ്‍സൊന്നും എടുക്കാതെ രോഹിത് ശര്‍മയും മൂന്ന് റണ്‍സുമായി കെ.എല്‍.രാഹുലും മടങ്ങി. ഓപ്പണര്‍ ബാറ്റര്‍മാരില്‍ ആരെങ്കിലും ഒരാള്‍ തിളങ്ങിയിരുന്നെങ്കില്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിക്കുമായിരുന്നു. 
 
മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും അമ്പേ പരാജയപ്പെട്ടു. വെടിക്കെട്ട് ബാറ്റര്‍മാരായ ഇവരില്‍ ഒരാള്‍ എങ്കിലും റണ്‍റേറ്റ് ഉയര്‍ത്താന്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍, ഇരുവരും നിരാശപ്പെടുത്തി. നിര്‍ണായക സമയത്ത് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിക്കാതിരുന്നത് തോല്‍വിയില്‍ പ്രധാന ഘടകമായി. 
 
ലോക ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള ഇന്ത്യയുടെ ബൗളിങ് നിരയും പരാജയപ്പെട്ടു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ ത്രയം പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുക്കുകയും വിക്കറ്റ് വീഴ്ത്താന്‍ മറക്കുകയും ചെയ്തു. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിക്കും രവീന്ദ്ര ജഡേജയ്ക്കും സാധിച്ചില്ല. 

ഏറ്റവും അപകടകാരികളായ പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാന്‍-ബാബര്‍ അസം ഓപ്പണിങ് കൂട്ടുകെട്ടിന് വിള്ളലേല്‍പ്പിക്കാന്‍ കഴിയാത്തത് തോല്‍വിയുടെ ആഘാതം കൂട്ടി. പവര്‍പ്ലേയില്‍ തന്നെ ഇരുവരെയും പുറത്താക്കാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ക്രീസില്‍ നിലയുറപ്പിക്കും തോറും കൂടുതല്‍ അപകടകാരികളായ ബാറ്റര്‍മാരാണ് രണ്ട് പേരും. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍