സഞ്ജുവിനും മനീഷ് പാണ്ഡെയ്‌ക്കും സംഭവിച്ചത് സൂര്യകുമാറിന് സംഭവിക്കാതിരിക്കട്ടെ: വിമർശനവുമായി ഗൗതം ഗംഭീർ

ബുധന്‍, 17 മാര്‍ച്ച് 2021 (17:40 IST)
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൂര്യകുമാറിനെ ഒരു മത്സരം മാത്രം കളിപ്പിച്ച ശേഷം തഴഞ്ഞ ടീം മാനേജ്‌മെന്റ് തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും ഗംഭീർ പറഞ്ഞു.
 
തുടർച്ചയായി മൂന്നോ നാലോ മത്സരങ്ങൾ എങ്കിലും കളിപ്പിക്കാതെ ഒരു താരത്തെ എങ്ങനെയാണ് വിലയിരുത്തുക. മറ്റ് താരങ്ങളെ പോലെ 21-23 വയസ്ല് പ്രായമല്ല സൂര്യകുമാറിന്. ഇപ്പോൾ തന്നെ 30 വയസായി. സ്വന്തം സ്ഥാനത്തെ കുറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കളിക്കാരൻ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന പ്രായമാണിത്. ഗംഭീർ പറഞ്ഞു.
 
മനീഷ് പാണ്ഡെയ്ക്ക് എന്ത് സംഭവിച്ചെന്ന് നോക്കു. ഇപ്പോൾ ആരും മനീഷ് പാണ്ഡെയെ പറ്റി സംസാരിക്കുന്നില്ല. സഞ്ജുവിനെ നോക്കു. സഞ്ജു എവിടെ പോയെന്ന് ആരും ചോദിക്കുന്നില്ല. ഐപിഎല്ലിൽ ഒരു താരം മികച്ച പ്രകടനം നടത്തിയാൽ പിന്നെ അയാളെ പറ്റി മാത്രമാവും ചർച്ച. ഇത് ദൗർഭാഗ്യകരമാണ്. ആദ്യ കളിയിൽ തിളങ്ങിയ ഇഷാൻ കിഷനെ അടുത്ത കളിയിൽ മൂന്നാമനായാണ് ഇറക്കിയത്. ഇത് കളിക്കാരെ പിന്തുണയ്‌ക്കുന്ന രീതിയല്ലെന്നും ഗംഭീർ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍