ആന്റിഗ്വ ടെസ്റ്റ്: കൊഹ്‌ലിയുടെ 'അശ്വ'മേഥത്തിലൂടെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍

ശനി, 23 ജൂലൈ 2016 (08:37 IST)
വെസ്റ്റ് ഇൻഡീസ് ബോളർമാരെ നിരാശരാക്കി കോഹ്‌ലിയും (200) അശ്വിനും (113) തകർത്തടിച്ചതോടെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോര്‍. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 566 റണ്‍സിന് ഇന്ത്യ ഒന്നാം ഇന്നിംങ്ങ്സ് ഡിക്ലയര്‍ ചെയ്തു.
 
ടെസ്റ്റിൽ കോഹ്‌ലിയുടെ ആദ്യ ഇരട്ട സെഞ്ചുറിയാണിത്. 281 പന്തിൽ 24 ഫോറുകൾ അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. വിദേശമണ്ണിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റന്‍ എന്ന നേട്ടവും ഇതോടെ കോഹ്‍ലി സ്വന്തമാക്കി. 
 
ഒരു വശത്ത് ക്ഷമയോടെ കളിച്ച അശ്വിന്‍ സെഞ്ചുറിയുമായി ഓള്‍ റൗണ്ടര്‍ എന്ന വിശേഷണം ശരിവെയ്ക്കുന്ന പ്രകടനം പുറത്തെടുത്തു. അശ്വിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ അശ്വിന്‍-കൊഹ്‌ലി സഖ്യം 168 റണ്‍സടിച്ചു. വിന്‍ഡീസിനായി ബിഷുവും ബ്രാത്ത്‌വെയ്റ്റും മൂന്ന് വിക്കറ്റ് വീതമെടുത്തു.
 
മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെടുത്തിട്ടുണ്ട്. 16 റണ്‍സെടുത്ത ചന്ദ്രികയുടെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. ഷാമിക്കാണ് വിക്കറ്റ്. 11 റണ്‍സുമായി ക്രെയിഗ് ബ്രാത്ത്‌വെയ്റ്റും റണ്‍സൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ ദേവേന്ദ്ര ബിഷുവുമാണ് ക്രീസില്‍.

വെബ്ദുനിയ വായിക്കുക