ഇന്ത്യക്കെതിരെ കച്ചക്കെട്ടുന്ന വിന്‍ഡീസിന് മറ്റൊരു തിരിച്ചടി കൂടി; കളിക്കാനില്ലെന്ന് സൂപ്പര്‍താരം

വ്യാഴം, 18 ഒക്‌ടോബര്‍ 2018 (16:22 IST)
ഇന്ത്യക്കെതിരായ ഏകദിന ട്വന്റി-20 മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ വെസ്‌റ്റ് ഇന്‍ഡീസ് ടീമിന് കനത്ത തിരിച്ചടി. ഓപ്പണിംഗ് ബാറ്റ്‌സ്‌മാന്‍ എവിന്‍ ലെവിസ് പരമ്പരയില്‍ നിന്നും പിന്മാറിയതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്.

വ്യക്തിപരമായ കാരണങ്ങള്‍ നിരത്തിയാണ് ലെവിസ് പരമ്പരയില്‍ നിന്നും പിന്മാറിയത്. ഇതേതുടര്‍ന്ന് ഏകദിനത്തില്‍ കീറോണ്‍ പവലിനെയും ട്വന്റി-20യില്‍ നിക്കോളാസിനെയും ഉള്‍പ്പെടുത്തി.

മുന്‍‌നിര താരങ്ങള്‍ ടീമില്‍ ഇല്ലാത്തതിനു പിന്നാലെയാണ് പരിചയസമ്പന്നനായ ലെവിസും ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ഇതോടെ വിന്‍ഡീസ് പ്രതിരോധത്തിലാകുമെന്നതില്‍ സംശയമില്ല.

വിന്‍ഡീസ് പരിശീലകന്‍ സ്‌റ്റുവര്‍ട്ട് ലോയ്‌ക്ക് ഐ സി സി വിലക്കേര്‍പ്പെടുത്തിയതും അവര്‍ക്ക് ക്ഷീണമുണ്ടാക്കുന്നുണ്ട്. ഹൈദരബാദ് ടെസ്‌റ്റിനിടെ ടി വി അമ്പയറോടും ഫോര്‍ത്ത് അമ്പയറോടും മോശമായി പെരുമാറിയതിനാണ് രണ്ട് ഏകദിനങ്ങളില്‍ നിന്ന് ലോയെ വിലക്കിയത്.

ടെസ്‌റ്റ് മത്സരത്തിനിടെ കീറന്‍ പവല്‍ പുറത്തായപ്പോള്‍ ലോ അമ്പയര്‍മാരോട് ക്ഷോഭിച്ച് സംസാരിച്ചതാണ് നടപടിക്ക് കാരണമായത്.

വിലക്ക് വന്നതോടെ ഈമാസം 21നും 24നും ഗുവാഹത്തിയിലും വിശാഖപട്ടണത്തും നടക്കുന്ന ഏകദിനങ്ങളില്‍ ലോ ടീമിനൊപ്പം ഉണ്ടാകില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍