ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ഇന്ത്യയ്ക്ക് ലോകകപ്പ് ഇത്തവണ അഭിമാനപോരാട്ടമാണ്. കഴിഞ്ഞ തവണത്തെ തോൽവിക്ക് ഇന്ത്യയ്ക്ക് ഇത്തവണ മറുപടി നൽകിയെ മതിയാകു.
കിരീടപ്രതീക്ഷയുമായി ഇന്ത്യൻ സംഘം ലോകകപ്പിനൊരുങ്ങുമ്പോൾ കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ ഒരു താരത്തെ ഏറെ മിസ് ചെയ്തിരുന്നതായി തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവിശാസ്ത്രി. ഇക്കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ വീണ്ടും സ്ഥാനമുറപ്പിച്ച ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെയാണ് ശാസ്ത്രി പ്രശംസകൊണ്ട് മൂടിയത്.
കഴിഞ്ഞ ലോകകപ്പിൽ പാണ്ഡ്യ കളിച്ചെങ്കിലും പരിക്ക് കാരണം പന്തെറിയാൻ സാധിച്ചിരുന്നില്ല. ബാറ്ററായി മാത്രം താരത്തെ ഉൾപ്പെടുത്തിയതോടെ അധിക ബൗളറെ കളിപ്പിക്കാൻ ഇന്ത്യക്കായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ടീം പുറത്താകാൻ കാരണം ഇതാണെന്ന് ശാസ്ത്രി പറയുന്നു. ഇന്ത്യൻ ടീമിലെ നിർണായക താരമാണ് ഹാർദിക്. ലോകകപ്പിൽ അദ്ദേഹത്തെ ഒഴിവാക്കിയാൽ ടീമിൻ്റെ ബാലൻസ് നഷ്ടമാകും. അത്രത്തോളം പ്രാധാന്യമുള്ള താരമാണ് ഹാർദിക്.
നിലവിൽ ഹാർദ്ദിക്കിൻ്റെ ക്വാളിറ്റിയോട് കിടപിടിക്കുന്ന ഒരു താരം പോലും ടീമിലില്ല. ടീമിൽ വളരെ പ്രാധാന്യമുള്ള താരമാണയാൾ. വരും മത്സരങ്ങൾ എല്ലാം പരിഗണിച്ചാൽ എല്ലാകളികളിലും ഉണ്ടാവേണ്ട താരമാണ് ഹാർദ്ദിക് എന്നും രവി ശാസ്ത്രി പറഞ്ഞു.