ഗാംഗുലിയ്ക്കും റെയ്നയ്ക്കുമൊപ്പം ഇനി വാഷിങ്ടൺ സുന്ദറും, അപൂർവനേട്ടം !

തിങ്കള്‍, 8 ഫെബ്രുവരി 2021 (11:41 IST)
ചെന്നൈ: അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ തന്നെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ദേയനായ താരമാണ് വാഷിൻടൺ സുന്ദർ. ഇപ്പോഴിതാ ഇന്ത്യൻ മണ്ണിലെ ടെസ്റ്റ് അരങ്ങേറ്റത്തിലും മികവ് പുറത്തെടുത്ത് താരം അപൂർവ നേട്ടം സ്വന്തമാക്കിയിരിയ്ക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ അർധ സെഞ്ച്വറി നേടിയതോടെ വിദേശത്തും നാട്ടിലും അരങ്ങേറ്റ ഇന്നിങ്‌സില്‍ ഇന്ത്യക്കുവേണ്ടി ടെസ്റ്റില്‍ അർധ സെഞ്ച്വറി നേടുന്ന എട്ടാമത്തെ താരമായി വാഷിങ്ടൺ സുന്ദർ മാറി. 
 
ചെന്നൈ ടെസ്റ്റില്‍ 82 ബോളുകൾ നേരിട്ടാണ് വാഷിങ്ടണ്‍ സുന്ദർ അർധ സെഞ്ച്വറി തികച്ചത്. വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കെ ജാക്ക് ലീച്ചിനെ ബൗണ്ടറി കടത്തിയായിരുന്നു താരത്തിന്റെ നേട്ടം. ഓസ്ട്രേലിയൻ പര്യയടനത്തിൽ ചരിത്ര സംഭവമായ ഗാബ്ബ ടെസ്റ്റിലായിരുന്നു വാഷിങ്ടൺ സുന്ദർ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തന്നെ അർധ സെഞ്ച്വറി നേടി താരം ഇന്ത്യയ്ക്ക് മുതൽക്കൂട്ടായി മാറിയിരുന്നു. ഇന്ത്യയുടെ മുൻ ഇതിഹാസ നായകൻ സൗരവ് ഗാംഗുലി, സുരേഷ് റെയ്ന തുടങ്ങിയവർ ഉൾപ്പെടുന്ന എലൈറ്റ് ക്ലബ്ബിലേയ്ക്കാണ് വാഷിങ്ടൺ സുന്ദറും എത്തിയിരിയ്ക്കുന്നത്. ഹാർദ്ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, അരുണ്‍ ലാല്‍, സുരീന്ദര്‍ അമര്‍നാഥ്, റുസി മോഡി എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റു താരങ്ങൾ. റുസി മോഡിയാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍