ദശാബ്‌ദത്തിലെ മികച്ച ക്രിക്കറ്റ് താരം: ഒടുവിൽ ഐസിസിയും പറയുന്നു കോലിയല്ലാതെ മറ്റാര്?

തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (15:40 IST)
കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. തിങ്കളാഴ്‌ച്ചയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അതേസമയം ഐസിസിയുടെ ദശാബ്‌ദത്തിലെ മികച്ച ഏകദിന ക്രിക്കറ്ററായി ഐസിസി തിരഞ്ഞെടുത്തതും വിരാട് കോലിയെ തന്നെ.
 
വിവിധ ഫോർമാറ്റുകളിൽ വിവിധ താരങ്ങൾക്ക് അവാർഡ് ലഭിച്ചുവെങ്കിലും ഐസിസിയുടെ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരമെന്ന പുരസ്‌കാരത്തിലേക്കുള്ള കോലിയുടെ യാത്ര സുഗമമായിരുന്നു. കഴിഞ്ഞ ദശാബ്‌ദത്തിൽ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലുമായി 56.97 ശരാശരിയില്‍ 20,396 റണ്‍സും 66 സെഞ്ചുറികളും 94 അര്‍ധ സെഞ്ചുറികളുമാണ് കോലി നേടിയത്. അമാനുഷ്യമായ ഈ കണക്കുകൾക്ക് അടുത്ത് നിൽക്കുന്ന പ്രകടനങ്ങൾ പോലും മറ്റൊരു താരത്തിനും അവകാശപ്പെടാനില്ല. ഏകദിനത്തില്‍ മാത്രം 61.83 ശരാശരിയില്‍ പതിനായിരത്തിലേറെ റണ്‍സും 39 സെഞ്ചുറികളും 48 അര്‍ധ സെഞ്ചുറികളും പത്ത് വർഷത്തിനിടെ കോലി സ്വന്തമാക്കി.
 
അതേസമയം ഓസീസ് താരമായ സ്റ്റീവ് സ്മിത്താണ് ശാബ്ദത്തിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്ത് ടെസ്റ്റില്‍ 65.79 ശരാശരിയില്‍ 7040 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. 26 സെഞ്ചുറികളും ഇക്കാലയളവിൽ താരം സ്വന്തമാക്കി.അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഐ.സി.സിയുടെ ദശാബ്ദത്തിലെ മികച്ച ട്വന്റി 20 താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍