ഈ പോക്ക് പോയാല്‍ ഉടന്‍ ടീമില്‍ നിന്ന് പുറത്ത് പോകും; കോലിയുടെ കണക്കുകള്‍ നിരാശപ്പെടുത്തുന്നത്

ശനി, 4 മാര്‍ച്ച് 2023 (11:56 IST)
സമീപകാലത്തെ കണക്കുകളില്‍ നിരാശപ്പെടുത്തി വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ മോശം ഫോമിലൂടെയാണ് താരം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോലി ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. അര്‍ധ സെഞ്ചുറി നേടാന്‍ പോലും വളരെ പ്രയാസപ്പെടുന്ന താരത്തെയാണ് ഇപ്പോള്‍ കാണുന്നത്. അവസാന 15 ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും കോലിക്ക് നേടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ 14 മാസത്തിനിടെ കോലി 100 പന്തുകളില്‍ കൂടുതല്‍ ബാറ്റ് ചെയ്തിരിക്കുന്നത് ആകെ രണ്ട് തവണ മാത്രം. ഒരു സമയത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ അതികായനായി തിളങ്ങിയിരുന്ന കോലിയുടെ ഇപ്പോഴത്തെ കണക്കുകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. 
 
ഈ വിധത്തിലാണ് കരിയര്‍ പോകുന്നതെങ്കില്‍ ഉടന്‍ തന്നെ കോലി ടെസ്റ്റി ക്രിക്കറ്റില്‍ നിന്ന് അപ്രത്യക്ഷനാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വരെ മാത്രമേ കോലിക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരം ലഭിക്കുകയുള്ളൂ. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളില്‍ അഞ്ച് തവണയും കോലി പുറത്തായത് സ്പിന്നര്‍മാരുടെ പന്തിലാണ്. അവസാന അഞ്ച് ടെസ്റ്റില്‍ കോലി ഏഴ് തവണയും പുറത്തായത് സ്പിന്നര്‍മാരുടെ പന്തില്‍ തന്നെ. സ്പിന്നിനെതിരെ കളിക്കാന്‍ ബുദ്ധിമുട്ടുന്ന കോലിയെയാണ് സമീപകാലത്ത് ആരാധകര്‍ കാണുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍