പിങ്ക് ബോളിൽ ആദ്യ ഇന്ത്യൻ സെഞ്ചുറി സ്വന്തമാക്കി വിരാട് കോലി

അഭിറാം മനോഹർ

ശനി, 23 നവം‌ബര്‍ 2019 (14:28 IST)
ഇന്ത്യാ -ബംഗ്ലാദേശ് പിങ്ക് ബോൾ മത്സരത്തിൽ തകർത്തടിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. നേരത്തെ മത്സരത്തിൽ 32 റൺസിൽ എത്തി നിൽക്കുമ്പോൾ ക്യാപ്റ്റനായി 5000 പിന്നിടുന്ന ആറാമത് താരമെന്ന നേട്ടം സ്വന്തമാക്കിയ കോലി മികച്ച പ്രകടനമാണ് മത്സരത്തിന്റെ തുടക്കം മുതൽ കാഴ്ചവെച്ചത്.
 
ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിൽ വിശ്രമത്തിലായിരുന്ന താരം ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തിയെങ്കിലും പിങ്ക് ബോളിൽ തന്റെ ഫോം കൈമോശം വന്നിട്ടില്ലെന്ന് സ്ഥാപിക്കുന്ന പ്രകടനമാണ് നടത്തിയത്.  സ്കോർബോർഡ് 43 എത്തുമ്പോൾ തന്നെ രണ്ട് ഓപ്പണിങ് ബാറ്റ്സ്മാന്മാരെ പുറത്താക്കി മത്സരത്തിലേക്ക് മടങ്ങിവരാൻ ശ്രമിച്ചിരുന്ന ബംഗ്ലാ പ്രതീക്ഷകൾ മുഴുവൻ തച്ചുടച്ചുകൊണ്ടാണ് കോലി ഒരറ്റത്ത് നിലയുറപ്പിച്ചത്.  പൂജാരയോടൊപ്പം 94 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ട്  സൃഷ്ട്ടിച്ച ഇന്ത്യൻ നായകൻ നാലാം വിക്കറ്റിൽ രഹാനെയോടൊപ്പവും മികച്ച കൂട്ടുക്കെട്ട് സ്വന്തമാക്കി.
 
മത്സരത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട നിലയിൽ ക്രീസിലെത്തിയ കോലി ബംഗ്ലാദേശ് ബൗളിങിനെതിരെ തുടക്കം മുതൽ തന്നെ  വ്യക്തമായ ആധിപത്യത്തോടെയാണ് കളിച്ചത്. റൺസ് പിന്തുടരുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്ന കോലി മനോഹരമായ സ്ട്രോക്ക് പ്ലേയും കവർ ഡ്രൈവുകളുമടക്കം പിന്നീട് കളം നിറഞ്ഞു. മത്സരത്തിന്റെ വേഗത കൃത്യമായ ഇടവേളകളിൽ റൺറേറ്റ് ഉയർത്തികൊണ്ട് നിർവഹിച്ച കോലി 159 ബോളിൽ  നിന്നും 12 ബൗണ്ടറികളോടെയാണ് തന്റെ 27മത് ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. 

ഇതോടെ പിങ്ക് ബോളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന തിരുത്താനാകാത്ത റെക്കോഡും ഇന്ത്യൻ നായകന്റെ പേരിലായി 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍