സെഞ്ച്വറി അടിച്ചത് കോഹ്ലി, കൈയ്യടി സച്ചിന് !

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 25 നവം‌ബര്‍ 2019 (15:38 IST)
ബംഗ്ലാദേശിനെതിരെ ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്നിങ്സിനും 46 റൺസിനുമാണ് ഇന്ത്യ ജയം കൈവരിച്ചത്. ബംഗ്ലാദേശിനെതിരായ വിജയത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ മികച്ച ലീഡിലേക്കു നയിച്ചത് അദ്ദേഹത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു. 
 
136 റണ്‍സാണ് കരിയറിലെ കന്നി പിങ്ക് ടെസ്റ്റില്‍ തന്നെ കോലി നേടിയത്. ഇന്ത്യന്‍ നായകന്റെ കരിയറിലെ 27ആമത്തെ ടെസ്റ്റ് സെഞ്ച്വറിയും കൂടിയായിരുന്നു ഇത്. കോഹ്ലിയുടെ റൺസിനു അരികു പറ്റിയായിരുന്നു ഇന്ത്യൻ ടീം കളി അസാധ്യമാക്കി മാറ്റിയത്. 
 
തന്റെ സെഞ്ച്വറിക്കു പിന്നില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുണ്ടെന്ന് കോഹ്ലി പറയുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നല്‍കിയ ഉപദേശമാണ് ഇത്രയും മികച്ച ഇന്നിങ്‌സ് കളിക്കാന്‍ തന്നെ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു. 
 
വളരെ കൗതുകമുണര്‍ത്തുന്ന പോയിന്റുകളാണ് സച്ചിന്‍ പറഞ്ഞത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടാം സെഷനെയും മോണിങ് സെഷന്‍ പോലെ പരിഗണിക്കണമെന്നതായിരുന്നു. നേരം ഇരുട്ടി വരുന്നതോടെ പന്ത് കൂടുതല്‍ സ്വിങ് ചെയ്യുകയും സീം ഉണ്ടാവുകയും ചെയ്യും. പക്ഷെ ഇതിനെ കാര്യമായെടുക്കേണ്ട. ആദ്യ സെഷനില്‍ കളിച്ച അതേ രീതിയില്‍ രണ്ടാം സെഷനിലും ബാറ്റിങ് തുടരണമെന്ന അദ്ദേഹത്തിന്റെ ഉപദേശം മികച്ച ഇന്നിങ്‌സ് കാഴ്ച വയ്ക്കാന്‍ തന്നെ സഹായിച്ചെന്നും കോലി കൂട്ടിച്ചേര്‍ത്തു.
 
ഏതായാലും തന്റെ മികച്ച പെർഫോമൻസിനു പിന്നിൽ സച്ചിനുണ്ടെന്നത് തുറന്നു പറയാൻ കോഹ്ലി കാണിച്ച മനസ് എടുത്തു പറയേണ്ടതാണ്. എന്നാൽ, സെഞ്ച്വറി അടിച്ചത് കോഹ്ലിയാണെന്നും പക്ഷേ ക്രഡിറ്റ് മുഴുവൻ സച്ചിനാണെന്നും പറയുന്നവർ ക്രിക്കറ്റിലെ ബാലപാഠം പോലും പഠിച്ചവരാകില്ല. സച്ചിന്റെ വാക്കുകൾ കോഹ്ലിയെ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് കോഹ്ലി തന്നെ പറയുമ്പോൾ അവിടെ മറ്റൊരു ചേരി ചേരലിന്റെ ആവശ്യം തന്നെയില്ലെന്ന് പറയാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍