എഴുപതുകളിലും എൺപതുകളിലും ഇന്ത്യ ജയിച്ചിട്ടുണ്ട്, കോലി അന്ന് ജനിച്ചിട്ടുപ്പോലുമില്ല- ഗവാസ്കർ

അഭിറാം മനോഹർ

തിങ്കള്‍, 25 നവം‌ബര്‍ 2019 (11:12 IST)
ഇന്ത്യയുടെ ആദ്യ പിങ്ക് ടെസ്റ്റ് മത്സരവിജയത്തിന് ശേഷം ഇന്ത്യൻ നായകൻ വിരാട് കോലി നടത്തിയ പരാമർശത്തിനെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ രംഗത്ത്. മത്സരത്തിലെ വിജയത്തിന് ശേഷം ബി സി സി ഐ പ്രസിഡന്റ് കൂടിയായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് നന്ദി പറഞ്ഞുകൊണ്ട് കോലി നടത്തിയ വാക്കുകളാണ് ഗവാസ്കറെ ചൊടിപ്പിച്ചത്.
 
ഇന്ത്യൻ ക്രിക്കറ്റിന്റെ വിജയഗാഥക്ക് തുടക്കമിട്ടത് സൗരവ് ഗാംഗുലിയാണെന്നും താൻ അത് തുടരുക മാത്രമാണ് ചെയ്യുന്നത് എന്നുമായിരുന്നു കോലിയുടെ പരാമർശം. എന്നാൽ ഇന്ത്യൻ വിജയപരമ്പര ഐതിഹാസികമാണ് എന്നതിൽ തർക്കമില്ലെന്നും എന്നാൽ ഗാംഗുലിയുടെ വരവോട് കൂടിയാണ് ഇന്ത്യ മത്സരങ്ങൾ വിജയിക്കാൻ തുടങ്ങിയത് എന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും ഗവാസ്കർ പറയുന്നു. 
 
സൗരവ് ഗാംഗുലി ബി സി സി ഐ പ്രസിഡന്റായതിനാൽ അദ്ദേഹത്തെ പറ്റി നല്ലത് പറയേണ്ടത് കോലിയുടെ ആവശ്യമായിരിക്കാമെന്നും എന്നാൽ യാഥാർഥ്യങ്ങളെ വിസ്മരിക്കരുതെന്നും ഗവാസ്കർ പറഞ്ഞു. എഴുപതുകളിലും എൺപതുകളിലും ഇന്ത്യ ജയിക്കുമ്പോൾ കോലി ജനിച്ചിട്ട് കൂടിയില്ല എന്ന് പറഞ്ഞ ഗവാസ്കർ ഇന്ത്യയിൽ ക്രിക്കറ്റ് തുടങ്ങിയത് രണ്ടായിരാമാണ്ടിൽ മാത്രമാണെന്നാണ് ചിലരുടെ ധാരണയെന്നും കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍