ജഡേജയോടോ കളി, തല്ലുകൊണ്ട് ദക്ഷിണാഫ്രിക്ക കുഴഞ്ഞു!

ജോജോ പുതുക്കാട്
ശനി, 12 ഒക്‌ടോബര്‍ 2019 (08:24 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് വിരാട് കോഹ്‌ലി മിന്നിത്തിളങ്ങിയെങ്കിലും രവീന്ദ്ര ജഡേജയുടെ ബാറ്റിംഗിനെക്കുറിച്ചാണ് ഇപ്പോള്‍ ഏവരുടെയും സംസാരം. അസാധാരണമായ ഒരു ഇന്നിംഗ്സാണ് ജഡേജ കാഴ്ചവച്ചതെന്ന് ആരും സമ്മതിക്കും. 104 പന്തുകളില്‍ നിന്ന് 91 റണ്‍സാണ് ജഡേജയുടെ സമ്പാദ്യം.
 
ജഡേജ സെഞ്ച്വറിയടിക്കട്ടെ എന്നുകരുതിയാണ് ഇന്നിംഗ്സ് ഡിക്ലറേഷന്‍ വിരാട് കോഹ്‌ലി വൈകിപ്പിച്ചത്. എന്നാല്‍ സെഞ്ച്വറിക്ക് ഒമ്പത് റണ്‍സ് അകലെ വച്ച് ജഡേജ പുറത്തായി. സെനുരന്‍ മുത്തുസാമിയുടെ പന്തില്‍ പുറത്താകുമ്പോള്‍ ആരാധകര്‍ക്കോ ജഡേജയ്ക്കോ നിരാശയുണ്ടായിരുന്നില്ല. അത്രയ്ക്കും ഗംഭീരമായ ഒരു പ്രകടനത്തിന് ശേഷമായിരുന്നല്ലോ ആ പുറത്താകല്‍.
 
കോഹ്‌ലിയും ജഡേജയും ചേര്‍ന്ന കൂട്ടുകെട്ട് 225 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എട്ട് ബൌണ്ടറിയും രണ്ട് പടുകൂറ്റന്‍ സിക്സറുകളും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. ജഡേജയും കോഹ്‌ലിയും ചേര്‍ന്ന സഖ്യം അവസാന 12.3 ഓവറുകളില്‍ അടിച്ചെടുത്തത് 118 റണ്‍സാണ്. ശരാശരി 10 റണ്‍സ് വീതമാണ് ഓരോ ഓവറിലും സ്കോര്‍ ചെയ്തത്. ഒരു ട്വന്‍റി20 സ്റ്റൈല്‍ വെടിക്കെട്ടായിരുന്നു ജഡേജ കാഴ്ചവച്ചത്.
 
എല്ലാ കളിയിലും ഏതെങ്കിലും രീതിയില്‍ തന്‍റെ മികവ് ടീമിന് പ്രയോജനപ്പെടുത്തുന്ന ഓള്‍‌റൌണ്ടര്‍ എന്ന നിലയില്‍ രവീന്ദ്ര ജഡേജ ടീമിന്‍റെ അവിഭാജ്യ ഘടകമായിക്കഴിഞ്ഞു. ലോകകപ്പ് സെമിയില്‍ കണ്ട അതേ പോരാട്ടവീര്യം ക്രിക്കറ്റിന്‍റെ മൂന്ന് വകഭേദങ്ങളിലും പുലര്‍ത്തുന്ന രവീന്ദ്ര ജഡേജ മധ്യനിരയില്‍ ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന ബാറ്റിംഗ് കരുത്താണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article