നായകന്‍ വിരാട് കോഹ്ലിയുടെ അപരാജിത അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ ഡല്‍ഹിയെ വീഴ്ത്തി ബാംഗ്ളൂര്‍ പ്ളേ ഓഫില്‍ കടന്നു. ജയിക്കുന്നവർ പ്ലേ ഓഫിലെത്തും എന്ന നിലയിൽ നടന്ന ബാംഗ്ലൂർ– ഡൽഹി മൽസരത്തിൽ ആറു വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയാണ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്തെത്തിയത്. നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണു ബാംഗ്ലൂരിന്റെ രണ്ടാംസ്ഥാനം.
ഡല്‍ഹി ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം ബാംഗ്ളൂര്‍ 11 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ഇതോടെ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്തായി. സ്കോര്‍: ഡല്‍ഹി 138/8, ബാംഗ്ളൂര്‍ 139/4. മികച്ച ഫോമിലുള്ള നായകന്‍ വിരാട് കോഹ്ലിയും (45 പന്തില്‍ 54*) ലോകേഷ് രാഹുലും (23 പന്തില്‍ 38) ചേര്‍ന്നാണ് ബാംഗ്ളൂരിന് അനായാസ വിജയമൊരുക്കിയത്. തുടക്കത്തില്‍ തന്നെ വെടിക്കെട്ട് വീരന്മാരായ എബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയിലും പുറത്തായതിന് പിന്നാലെ ഷെയ്‌ന്‍ വാട്‌സണും പുറത്തായതോടെ ഡല്‍ഹി പിടിമുറുക്കുകയായിരുന്നു. എന്നാല്‍, കോഹ്‌ലി താളം കണ്ടെത്തിയതോടെ ബാംഗ് ളൂര്‍ ജയം പിടിച്ചെടുക്കുകയായിരുന്നു.
നേരത്തെ, 60 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡി കോക് ഒഴികെ മറ്റാര്‍ക്കും തിളങ്ങാനാകാതെ പോയതോടെയാണ് ഡല്‍ഹി ചെറിയ സ്കോറില്‍ ഒതുങ്ങിയത്. റിഷാബ് പന്ത് (ഒന്ന്), കരുണ്‍ നായര്‍ (11) എന്നിവര്‍ ആദ്യമെ പുറത്തായി. സഞ്ജു സാംസണ്‍ ഒരു സിക്സടിച്ചെങ്കിലും 17 റണ്‍സെടുത്ത് മടങ്ങി. അവസാന ഓവറുകളില്‍ ക്രിസ് മോറിസ് പുറത്താകാതെ നേടിയ 27 റണ്‍സാണ് ഡല്‍ഹിയെ 138ല്‍ എത്തിച്ചത്.
പ്രാഥമിക റൌണ്ട് അവസാനിച്ചതോടെ പ്ലേ ഓഫ് ലൈനപ്പായി. 18 പോയന്‍റ് നേടിയ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. ബാംഗ്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത ടീമുകള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലത്തെി. ഈ ടീമുകള്‍ക്കെല്ലാം 16 പൊയന്‍റ് വീതമുണ്ട്. ചൊവ്വാഴ്ച നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത്, ബാംഗ്ളൂരിനെ നേരിടും. വ്യാഴാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയറിലെ വിജയികള്‍ നേരിട്ട് ഫൈനലിലത്തെും. തോല്‍ക്കുന്നവര്‍ എലിമിനേറ്ററിലെ വിജയികളുമായി ശനിയാഴ്ച മാറ്റുരക്കും. ഈ മത്സരത്തിലെ വിജയികളും കലാശപ്പോരിന് യോഗ്യത നേടും.