Virat Kohli: ടെസ്റ്റില്‍ 9000 റണ്‍സ്, വിരാട് കോലിക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ച മൂന്ന് താരങ്ങള്‍ക്ക് ആരൊക്കെയെന്നോ?

രേണുക വേണു
ശനി, 19 ഒക്‌ടോബര്‍ 2024 (09:11 IST)
Virat Kohli

Virat Kohli: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിരാട് കോലി. ഒപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കോലി കൈവരിച്ചു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 53 റണ്‍സ് എടുത്തപ്പോഴാണ് കോലി ഈ നേട്ടത്തിലെത്തിയത്. 
 
196 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 9,000 റണ്‍സ് നേട്ടം സ്വന്തമാക്കിയത്. 9000 ക്ലബില്‍ എത്താന്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്ന ഇന്ത്യന്‍ താരവും കോലിയാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ഇതിനു മുന്‍പ് 9,000 റണ്‍സ് ക്ലബിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. വെറും 176 ഇന്നിങ്‌സുകളില്‍ നിന്നാണ് രാഹുല്‍ ദ്രാവിഡ് ഈ നേട്ടം കൈവരിച്ചത്. 2006 ലാണ് ദ്രാവിഡ് 9000 റണ്‍സ് ക്ലബില്‍ കയറുന്നത്. അതിനു മുന്‍പ് 2004 ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 179 ഇന്നിങ്‌സുകളില്‍ നിന്ന് 9000 റണ്‍സ് നേടിയിരുന്നു. 1985 ലാണ് സുനില്‍ ഗവാസ്‌കര്‍ 9000 റണ്‍സ് ക്ലബിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായത്. 192 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗവാസ്‌കറിന്റെ നേട്ടം. ഗവാസ്‌കറിനേക്കാള്‍ നാല് ഇന്നിങ്‌സുകള്‍ കൂടുതല്‍ കളിച്ചാണ് കോലി ഈ നേട്ടത്തിലെത്തിയത്. 
 
അതേസമയം 102 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 70 റണ്‍സെടുത്താണ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ കോലി പുറത്തായത്. ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തില്‍ ടോം ബ്ലണ്ടലിനു ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് പന്തുകള്‍ നേരിട്ട് റണ്‍സൊന്നും എടുക്കാതെയാണ് കോലി പുറത്തായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article