ഇന്ത്യൻ ഉപനായകൻ വിരാട് കൊഹ്‌ലിക്ക് ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാംസ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കൻ നായകൻ ഹഷിം അംലയാണ് കൊഹ്‌ലിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് ഒന്നാം സ്ഥാനം നിലനിറുത്തി.
കൊഹ്‌ലിയെക്കാൾ രണ്ട് പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ് അംല രണ്ടാം റാങ്കിലെത്തിയത്. ഇന്ത്യൻ നായകൻ എംഎസ് ധോണി ആറാം സ്ഥാനത്തും, ശിഖർ ധവാൻ ഒമ്പതാമതുമാണ്. ബൗളിംഗിൽ രവീന്ദ്ര ജഡേജ ആറാം സ്ഥാനത്താണ്. ഭുവനേശ്വർ കുമാർ ഏഴാം സ്ഥാനത്തുണ്ട്. സയിദ് അജ്മൽ ആണ് ഒന്നാമത്. ടെസ്‌റ്റിലും ഏകദിനത്തിലും ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്.