ടീം മീറ്റിംഗില്‍ അടിയുണ്ടായില്ലെന്നേയുള്ളൂ ബാക്കിയെല്ലാം സംഭവിച്ചു; ചുക്കാന്‍ പടിച്ചത് കോഹ്‌ലിയോ ? - ഇതോടെ കുംബ്ലെ തീരുമാനമെടുത്തു
ബുധന്‍, 21 ജൂണ്‍ 2017 (11:40 IST)
ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താൻ പരിശീലകസ്ഥാനം രാജിവച്ചതെന്ന് അനിൽ കുംബ്ലെ വ്യക്തമാക്കുമ്പോഴും ഇരുവരും തമ്മിലുണ്ടായ പടലപിണക്കത്തിന്റെ വ്യാപ്‌തി മനസിലാക്കാന്‍ സാധിക്കാതെ ബിസിസിഐ.
ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുമ്പോള്‍ തന്നെ കോഹ്‌ലിയും കുംബ്ലെയും തമ്മിലുള്ള പോര് ശക്തമായിരുന്നു. കുംബ്ലെ നെറ്റ്‌സില്‍ എത്തുമ്പോള്‍ പരിശീലനം മതിയാക്കി മടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ രീതി. ക്യാപ്‌റ്റന്റെ പ്രതിഷേധം ശക്തമായതോടെ ബോളിംഗില്‍ മാത്രം ഉപദേശം നല്‍കുന്ന രീതിയിലേക്ക് കുബ്ലെ തിരിഞ്ഞു.
പാകിസ്ഥാനെതിരെ ഫൈനലില്‍ പരാജയപ്പെട്ട ശേഷം നടന്ന ടീം മീറ്റിംഗില്‍ കോഹ്‌ലി- കുംബ്ലെ സംഘര്‍ഷം പരസ്യമായി. ചില താരങ്ങളുടെ പ്രകടനം മോശമായിരുന്നുവെന്നും തെറ്റുകള്‍ പറ്റിയെന്നും കുംബ്ലെ തുറന്നു പറഞ്ഞപ്പോള്‍ ഇവര്‍ പൊട്ടിത്തെറിച്ചു. മോശം ബൗളിംഗിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇന്ത്യയുടെ ചില മുന്‍ ഇതിഹാസ ബൗളര്‍മാരുടെ പ്രകടനവും മോശമായിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കി.
ഇതോടെയാണ് വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിനു മുമ്പു തന്നെ രാജിവയ്‌ക്കാന്‍ കുംബ്ലെ തീരുമാനിച്ചത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഒരു വാര്‍ത്താസമ്മേളനത്തില്‍ പോലും കുംബ്ലെ ഉണ്ടായിരുന്നില്ല. സഹപരിശീലകരായ സഞ്ജയ് ബംഗാര്‍, രാഘവേന്ദ്ര എന്നിവരെ പുകഴ്‌ത്തിയപ്പോഴും കുംബ്ലെയുടെ പേരു മാത്രം കോഹ്‌ലി പറഞ്ഞില്ല എന്നതും ശ്രദ്ധേയമായി.