ലോകകപ്പ് വിജയത്തിലെ പാരിതോഷികത്തിലും വിവേചനമോ ? - ബിസിസിഐക്കെതിരെ ദ്രാവിഡ് രംഗത്ത്
അണ്ടർ 19 ഏകദിന ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികത്തില്‍ അതൃപ്തി അറിയിച്ച് ടീമിന്റെ മുഖ്യ പരിശീലകനും മുന്‍ താരവുമായ രാഹുൽ ദ്രാവിഡ് രംഗത്ത്.
സപ്പോർട്ടിംഗ് സ്റ്റാഫിന് 20 ലക്ഷം നല്‍കുമെന്ന ബിസിസിഐയുടെ പ്രഖ്യാപനമാണ് ദ്രാവിഡിനെ ചൊടിപ്പിച്ചത്. തനിക്ക് മാത്രം 50 ലക്ഷവും സപ്പോർട്ടിംഗ് സ്റ്റാഫിന് 20 ലക്ഷവും കൊടുക്കുമെന്ന പ്രസ്താവന വേർതിരിവ് ആണെന്നും ഇത് പാടില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം മുംബൈയിൽ പത്ര സമ്മേളനം വിളിച്ച ദ്രാവിഡ് ടീം ഒഫീഷ്യലുകളെയും മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫിനെയും കൂടുതല്‍ പ്രാവശ്യം പ്രശംസിക്കുകയും ലോകകപ്പ് നേട്ടത്തിന് പിന്നില്‍ ഇവരാണെന്നും വ്യക്തമാക്കിയിരുന്നു.
ശക്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറിൽ 216 റണ്‍സിന് ഓൾ ഔട്ടായപ്പോള്‍ 38.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു.