ഇന്ത്യക്ക് മുമ്പില്‍ ഓസ്‌ട്രേലിയ തരിപ്പണം; ലോകപ്പില്‍ മുത്തമിട്ട് ദ്രാവിഡിന്റെ കുട്ടികള്‍

ശനി, 3 ഫെബ്രുവരി 2018 (14:30 IST)
അണ്ടർ 19 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ശക്തരായ ഓസ്‌ട്രേലിയയെ മലർത്തിയടിച്ച് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ ലോകകപ്പ് സ്വന്തമാക്കി. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറിൽ 216 റണ്‍സിന് ഓൾ ഔട്ടായപ്പോള്‍ 38.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു.

സ്കോർ: ഓസ്ട്രേലിയ 47.2 ഓവറിൽ 216, ഇന്ത്യ 38.5 ഓവറിൽ 220. ഇടംകൈയൻ ഓപ്പണർ മൻജോത് കൽറയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. 102 പന്തിൽ 101റണ്‍സുമായി പുറത്താകാതെ നിന്ന മൻജോത് ഫൈനലിന്‍റെ താരമായി. 47 റണ്‍സുമായി ഹാർവിക് ദേശായിയും പുറത്താകാതെ നിന്നു. ശുബ്മാൻ ഗിൽ (31), ക്യാപ്റ്റൻ പൃഥ്വി ഷാ (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ജയത്തോടെ അണ്ടർ 19 ഏകദിന ലോകകപ്പിൽ മുത്തമിടുന്ന ആദ്യ ടീമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പൃഥ്വി ഷായും മൻജോതും ഇന്ത്യക്കായി മികച്ച തുടക്കം നല്‍കിയെങ്കിലും സ്‌കോര്‍ ബോര്‍ഡ് 29ലെത്തി നില്‍ക്കെ പൃഥ്വി ഷാ വിൽ സുതർലാൻഡിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. സെമിയിയിലെ സൂപ്പര്‍ താരം ശുബ്മാൻ ഗിൽ മൂന്നാനായി എത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് വേഗത്തിലായി.

മികച്ച സ്‌കോര്‍ കണ്ടെത്തുമെന്ന് തോന്നിച്ചുവെങ്കിലും 31 റണ്‍സില്‍ നില്‍ക്കെ ഉപ്പലിന്റെ പന്തിൽ  ബൗൾഡായി ഗില്‍ മടങ്ങിയത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയെങ്കിലും തുടര്‍ന്നെത്തിയ ഹാർവിക് ദേശായിയും (61 പന്തിൽ 47) മൻജോതും ചേര്‍ന്ന് ഇന്ത്യക്ക് വിജയമൊരുക്കി. ഇരുവരും ചേര്‍ന്ന് 105 പന്തിൽ 89 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

ലോകകപ്പിൽ മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പുത്തൻ താരോദയം ശുബ്മാൻ ഗില്ലാണ് പ്ലെയർ ഓഫ് ദ ടൂർണമെന്‍റ്. ഗിൽ 374 റൺസാണ് ലോകകപ്പിൽ അടിച്ചു കൂട്ടിയത്.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിനായി ജൊനാഥാന്‍ (102 പന്തില്‍ 76) ഒഴിച്ചുള്ള ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല. ബ്രയന്റിനെ പൊറെല്‍ (14), എഡ്വാര്‍ഡ് (28), സാംഗ (13), ഉപ്പല്‍ (34), സതര്‍ലന്‍ഡ് (5), ഹോള്‍ട്ട് (13) എന്നിങ്ങനെയാണ് ഓസീസ് താരങ്ങളുടെ സ്‌കോര്‍.

രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ പോറെല്‍, ശിവ സിംഗ്, നാഗര്‍കോട്ടി, റോയ് എന്നിവരുടെ ബൗളിങ്ങാണ് ഔസീസിനെ 216ല്‍ ചുരുട്ടിക്കെട്ടാന്‍ ഇന്ത്യയെ സഹായിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍