ഇവിടെയല്ല, അവിടെവച്ച് അവരെ പരാജയപ്പെടുത്തണം; കോഹ്‌ലിക്ക് മുന്നറിയിപ്പുമായി ഗാംഗുലി
വെള്ളി, 6 ഒക്‌ടോബര്‍ 2017 (19:34 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ നായക മികവിനെ വിലയിരുത്തുന്ന പര്യടനങ്ങള്‍ വരാന്‍ പോകുന്നുവെന്ന് മുന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലി.
ഇന്ത്യന്‍ ടീം കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റനാകാന്‍ കോഹ്‌ലിക്ക് സാധിക്കുമെങ്കിലും വരാന്‍ പോകുന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും. 2019 ലോകകപ്പും പ്രാധാന്യം നിറഞ്ഞതാണ്. അടുത്ത പതിനഞ്ച് മാസങ്ങള്‍ വിരാടിന് നിര്‍ണായകമാണെന്നും ദാദ മുന്നറിയിപ്പ് നല്‍കി.
കോഹ്‌ലിയേയും ടീം ഇന്ത്യയേയും സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ നടക്കുന്ന മത്സരങ്ങളാകും കൂടുതല്‍ നിര്‍ണായകം. അവരുടെ നാട്ടില്‍ വെച്ച് അവരെ തോല്‍പ്പിക്കണം. അവിടെ അത്ഭുതങ്ങള്‍ കാണിക്കാന്‍ കോഹ്‌ലിക്കും സംഘത്തിനും സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളെ പരാജയപ്പെടുത്താല്‍ ഈ ടീമിന് കഴിയും. ഒരു ക്യാപ്‌റ്റന് വേണ്ട എല്ലാ ഗുണങ്ങളും കോഹ്‌ലിയില്‍ ഉണ്ട്. ടീമിനെ സജ്ജമാക്കുന്നതിലും മികവ് പുലര്‍ത്തുന്നുണ്ട്. ശരിയായ ദിശയിലാണ് നിലവില്‍ ടീം നീങ്ങുന്നതെന്നും ഗാംഗുലി പറഞ്ഞു.