സച്ചിനോളം വരുമോ നെഹ്‌റ ?; വിവാദങ്ങള്‍ക്ക് മറുപടിയുമായി സെവാഗ് രംഗത്ത്
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (18:08 IST)
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയ്‌ക്കുള്ള ടീമില്‍ 38 കാരനായ പേസര്‍ ആശിഷ് നെഹ്‌റയെ ഉള്‍പ്പെടുത്തിയ സെലക്‍ടര്‍മാരുടെ തീരുമാനത്തെ എതിര്‍ക്കുന്ന വിമര്‍ശകര്‍ക്ക് മറുപടിയുമായി മുന്‍ താരം വീരേന്ദ്രര്‍ സെവാഗ് രംഗത്ത്.
നെഹ്‌റയെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ തനിക്ക് യാതൊരു അതിശവും തോന്നുന്നില്ല. സന്തോഷമുണ്ടാക്കുന്ന തീരുമാനമായിരുന്നു ഇത്. അദ്ദേഹം ഫിറ്റാണെങ്കില്‍ പ്രായം കണക്കാക്കേണ്ടതില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 40 വയസുവരെ കളിച്ചപ്പോള്‍ ശ്രീലങ്കയുടെ സനത് ജയസൂര്യ 42 വയസുവരെ ക്രിക്കറ്റില്‍ സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ നെഹ്‌റയ്ക്ക് എന്തുകൊണ്ട് കളിച്ചുകൂടാ എന്നും സെവാഗ് വിമര്‍ശകരോട് ചോദിച്ചു.
നെഹ്‌റ ഭാവിയിലും ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കണമെന്നാണ് എന്റെ ആഗ്രഹം. റണ്‍സ് വിട്ടു കൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്നതിനൊപ്പം വിക്കറ്റുകള്‍ നേടാനും സാധിക്കുന്നുണ്ടെങ്കില്‍ നെഹ്‌റയുടെ കാര്യത്തില്‍ ആശങ്ക കാണേണ്ടതില്ല. അടുത്ത ട്വന്റി-20 ലോകകപ്പില്‍ അദ്ദേഹം കളിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വീരു വ്യക്തമാക്കി.
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയില്‍ നെഹ്‌റയെ ഉള്‍പ്പെടുത്തിയ സെലക്‍ടര്‍മാരുടെ തീരുമാനത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് സെവാഗ് നേരിട്ട് രംഗത്ത് എത്തിയത്.