അണ്ടർ 19 ലോകകപ്പ്: ബംഗ്ലദേശിനെ തകർത്ത് ഇന്ത്യ സെമിയില്‍ - ഇനി പോരാട്ടം പാകിസ്ഥാനുമായി
അണ്ടർ 19 ലോകകപ്പിൽ ബംഗ്ലദേശിനെ 131 റൺസിന് തകർത്ത് ഇന്ത്യ സെമിയിലെത്തി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു പന്തുകൾ ബാക്കി നിൽക്കെ 265 റൺസിന് പുറത്തായപ്പോൾ, ബംഗ്ലദേശിന്റെ മറുപടി 42.1 ഓവറിൽ 134 റൺസിൽ അവസാനിച്ചു.
ബദ്ധവൈരികളായ പാകിസ്ഥാനാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.
266 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. 75 പന്തിൽ മൂന്നു ബൗണ്ടറികളോടെ 43 റൺസെടുത്ത ഓപ്പണർ പിനാക് ഘോഷാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ.
അർധസെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ (94 പന്തിൽ 86), അഭിഷേക് ശർമ (49 പന്തിൽ 50) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ പൃഥ്വി ഷാ 54 പന്തിൽ 40 റൺസെടുത്ത് പുറത്തായി.