നടരാജൻ കുഞ്ഞിനെ കാണാതെ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നു, കോലി നാട്ടിൽ പോകുന്നു, ഇന്ത്യൻ ടീമിൽ രണ്ടുതരം നീതിയെന്ന് സുനിൽ ഗവാസ്‌‌കർ

വ്യാഴം, 24 ഡിസം‌ബര്‍ 2020 (12:25 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും നായകൻ വിരാട് കോലിയേയും പരോക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. ഇന്ത്യൻ ടീമിൽ ഓരോ കളിക്കാർക്കും ഓരോ നീതിയാണെന്നും ടി നടരാജന്റെയും അശ്വിന്റെയും ഉദാഹരണങ്ങൾ ചൂണ്ടികാണിച്ച് ഗവാസ്‌കർ വിമർശിച്ചു.
 
അശ്വിൻ മികവുറ്റ താരമാണെന്ന് ആർക്കും സംശയമില്ല. എന്നാൽ ഒരു മത്സരത്തിൽ അശ്വിന് തിളങ്ങാനായില്ലെങ്കിൽ അശ്വിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടും. എന്നാൽ ടീമിലെ ചില സ്ഥിരം ബാറ്റ്സ്മാന്മാരുടെ സ്ഥാനം അങ്ങനെയല്ല. ടി നടരാജന്റെ കാര്യം എടുകുകയാണെങ്കിൽ ഐപിഎൽ പ്ലേ ഓഫ് ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് നടരാജന് കുഞ്ഞ് ജനിച്ചത്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ നെറ്റ് ബൗളറായി നടരാജൻ തിരഞ്ഞെടുക്കപ്പെട്ടതോടെ നടരാജൻ കുഞ്ഞിനെ പോലും കാണാതെ ഓസ്ട്രേലിയയിലേക്ക് പോയി.
 
ഓസീസ് പര്യടനത്തിനുള്ള ടീമിൽ വെറും നെറ്റ് ബൗളറായാണ് നടരാജനെ തിരഞ്ഞെടുത്തത് എന്നത് ഓർക്കണം. പിന്നീടാണ് അദ്ദേഹത്തെ ഏകദിന ടി20 മത്സരങ്ങളിൽ എടുത്തത്.ഇപ്പോൾ ടെസ്റ്റ് ടീമിൽ ഇല്ലെങ്കിലും നെറ്റ് ബൗളറായി തുടരുന്നതിനാൽ അദ്ദേഹത്തിന് ഇപ്പോളും തന്റെ മകളെ കാണാനായിട്ടില്ല ഗവാസ്‌കർ പറഞ്ഞു.
 
കുഞ്ഞ് പിറക്കുന്നതിനാൽ  ഓസ്ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റുകളിൽ നിന്ന് ഇന്ത്യൻ നായകൻ വിരാട് കോലി പിന്മാറിയതിനെ തുടർന്നാണ് ഗവാസ്‌ക്കറിന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍