കിവികള്‍ക്ക് മുന്നില്‍ നാണംകെട്ടു; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍‌വി

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2016 (21:57 IST)
ട്വന്റി-20 ലോകകപ്പിലെ ആദ്യ മൽസരത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍‌വി. 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 18.1 ഓവറില്‍ 79 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര ന്യൂസിലന്‍‌ഡ് സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ തരിപ്പണമായതോടെ ജയത്തിന് 47 റണ്‍സ് അകലെവെച്ച് ഇന്ത്യന്‍ പടയോട്ടം അവസാനിക്കുകയായിരുന്നു. വെടിക്കെട്ടിന്റെ ആശാനായ മഹേന്ദ്ര സിംഗ് ധോണി (30) പൊരുതി നോക്കിയെങ്കിലും നായകന് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ വന്നതോടെ പരാജയത്തിലേക്ക് വീഴുകയായിരുന്നു.

ന്യൂസിലൻഡ് നിരയിലെ സ്പിന്നർമാരായ നഥാൻ മക്കല്ലം, മിച്ചൽ സാന്റ്നർ, ഇഷ് സോധി എന്നിവർക്കാണ് ഒൻപത് വിക്കറ്റുകളും. ട്വന്റി-20യിൽ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന റെക്കോർഡ് തുടർച്ചയായ അഞ്ചാം മൽസരത്തിലും കിവികൾ കാത്തുസൂക്ഷിക്കുകയായിരുന്നു. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ ഏഴിന് 126, ഇന്ത്യ 18.1 ഓവറിൽ 71ന് പുറത്ത്.

ഓണർമാരായ ശിഖർ ധവാൻ (1), രോഹിത് ശർമ (5), സുരേഷ് റെയ്ന (1) എന്നിവരാണ് പുറത്തായത്. സ്പിന്നർമാർക്കാണ് മൂന്നു വിക്കറ്റും. മൂന്നു പന്തിൽ ഒരു റണ്ണെടുത്ത ധവാനെ നഥാൻ മക്കല്ലം ആദ്യ ഓവറിൽത്തന്നെ എൽബിയില്‍ കുരുക്കിയപ്പോൾ മിച്ചൽ സാന്റ്നറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ലൂക്ക് റോഞ്ചി രോഹിത് ശർമയെ സ്റ്റംപു ചെയ്തു പുറത്താക്കി. റെയ്നയെ സാന്റ്നർ ഗപ്റ്റിലിന്റെ കൈകളിലെത്തിച്ചു. നാഥന്‍ മക്കല്ലത്തിന്റെ പന്തില്‍ അദ്ദേഹത്തിന് തന്നെ വിക്കറ്റ് സമ്മാനിച്ചാണ് യുവരാജ് സിംഗ് (4) പുറത്തായത്.

സോധിയാണ് വിരാട് കോഹ്‌ലിയെ (23) മടക്കിയത്. പാണ്ഡ്യയെ (1) സാന്റ്നർ വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ ജഡേജയെ (0) സോഥി സ്വന്തം പന്തിൽ ക്യാച്ചെടുത്തു പുറത്താക്കി. അശ്വിനെ (10) സോഥി തന്നെ മടക്കുകയായിരുന്നു. ആശിഷ് നെഹ്‌റയെ (0) ആദം മില്‍നെ ക്ലീന്‍ ബൌള്‍ഡാക്കിയതോടെ ഇന്ത്യയുടെ പരാജയം സമ്പൂര്‍ണ്ണമാകുകയായിരുന്നു.

നേരത്തെ, ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.  42 പന്തിൽ 34 റൺസെടുത്ത കോറി ആന്‍ഡേഴ്‌സനാണ് ടോപ് സ്‌കോറര്‍. മറ്റ് താരങ്ങള്‍ക്കാരും ഇന്ത്യന്‍ ബോളര്‍മാരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. രവിചന്ദ്ര അശ്വിന്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്സറടിച്ച് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌ടില്‍ (6) നിലപാട് വ്യക്തമാക്കിയെങ്കിലും രണ്ടാം പന്തില്‍ അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കി അശ്വിന്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നല്‍കി. അവിടെ തുടങ്ങുകയായിരുന്നു കിവിസിന്റെ കൂട്ടത്തകര്‍ച്ച.

കോളിൻ മൺറോ (7), ക്യാപ്റ്റൻ ‌വില്യംസൺ (8), റോസ് ടെയ്‌ലർ (10) എന്നിവര്‍ നിരാശപ്പെടുത്തുകയായിരുന്നു. അഞ്ചാമനായെത്തിയ കോറി ആൻഡേഴ്‌സണ്‍ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ബുംമ്രയുടെ പന്തിൽ ക്ലീൻ ബോൾഡാകുകയായിരുന്നു. മിച്ചല്‍ സാന്റ്നര്‍ (18), ഗ്രാന്റ് എലിയട്ട് (9) എന്നിവര്‍ വന്നതും പോയതും ഒരു പോലെയായിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ലൂക്ക് റോഞ്ചി (21) ആണ് സന്ദര്‍ശകര്‍ക്ക് മാന്യമായ സ്‌കേര്‍ സമ്മാനിച്ചത്.