നാണക്കേടിന്റെ കൊടുമുടിയില്‍ പാകിസ്ഥാന്‍; ട്രെന്റ് ബ്രിഡ്‌ജിലേത് പാക് ദുരന്തം

ബുധന്‍, 31 ഓഗസ്റ്റ് 2016 (14:05 IST)
ടെസ്‌റ്റില്‍ അപ്രതീക്ഷിതമായി ഒന്നാം റാങ്ക് ലഭിച്ചതിന്റെ തലയെടുപ്പോടെ ഇംഗ്ലണ്ടിനെതിരെ കളത്തിലിറഞ്ഞിയ പാകിസ്ഥാന്‍ ലോകത്തിനു മുന്നില്‍ നാണം കെട്ടു. പേസ് ബോളര്‍മാരെ എന്നും സ്രഷ്‌ടിച്ചിരുന്ന പാകിസ്ഥാന്‍ ഇത്തവണ തങ്ങളുടെ താരങ്ങളുടെ കളി കണ്ട് തലയില്‍ കൈവച്ചു പോയി.

‘തലങ്ങും വിലങ്ങും അടിയോടടി’ എന്ന നാടന്‍ വാക്ക് അന്വര്‍ഥമാകുകയായിരുന്നു നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍. ഇംഗ്ലീഷ് ബാറ്റ്‌സ്‌മാന്മാര്‍ സംഹാര താണ്ഡവമാടിയപ്പോള്‍ പാക് ബോളര്‍മാര്‍ സ്‌കൂള്‍ കുട്ടികളേക്കാള്‍ തരം താഴുകയായിരുന്നു. ഫീല്‍ഡര്‍മാര്‍ക്ക് ബൌണ്ടറി ലൈനിലേക്ക് ഓടാന്‍ മാത്രമെ സമയമുണ്ടായിരുന്നുള്ളൂ.



പാകിസ്ഥാന്‍ ബോളര്‍മാരെ അലക്‍സ് ഹെയ്‌ല്‍‌സും കശാപ്പ് ചെയ്‌തതോടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ഇന്നിംഗ്‌സ് ടോട്ടലിന് ഇംഗ്ലണ്ട് അവകാശികളാകുകയായിരുന്നു. കഴിവുകളേക്കാള്‍ കൂടുതല്‍ അഹങ്കാരമുള്ള അഹങ്കാരമുള്ള പാക് ബോളര്‍മാര്‍ പരിഹസിക്കപ്പെട്ട നിമിഷമായിരുന്നു ചൊവ്വാഴ്‌ച കണ്ടത്. പാക് ബോളര്‍മാരെ ഇംഗ്ലീഷ് കാണികള്‍ കൂകി വിളിക്കുന്നതും കാണാമായിരുന്നു.

കേളികേട്ട പാക് ബൗളര്‍മാരെല്ലാം തല്ല് ഇരന്ന് വാങ്ങിയതോടെ പിറന്നത് റെക്കോര്‍ഡുകളുടെ പെരുമഴയായിരുന്നു. 2006 ആംസ്‌റ്റല്‍വീനില്‍ ഹോളണ്ടിനെതിരെ നേടിയ ശ്രീലങ്ക നേടിയ 443 റണ്‍സിന്റെ റെക്കോര്‍ഡും പഴങ്കതയായി. കൂടാതെ രണ്ട് ഇംഗ്ലണ്ട് റെക്കോര്‍ഡുകളും ഈ മത്സരത്തില്‍ പിറന്നു. ഓപ്പണര്‍ അലക്‍സ് ഹെയ്‌ല്‍‌സ് (122 പന്തില്‍ 171 ) ഇംഗ്ലണ്ട് താരത്തിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്.



22 പന്തില്‍ 50 റണ്‍സ് നേടിയ കടന്ന ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും വേഗമാര്‍ന്ന അര്‍ധസെഞ്ചുറിയും നേടി. ഹെയ്‌‌ല്‍‌സ് മറികടന്നത് 1993ല്‍ ബര്‍മിങ്ങാമില്‍ ഓസ്‌ട്രേലിയക്കെതിരെ റോബിന്‍ സ്‌മിത്ത് പുറത്താകാതെ നേടിയ 167 റണ്‍സിന്റെ കൂട്ടുക്കെട്ടാണ്. ഹെയ്‌ല്‍‌സിനും ബട്‌ലര്‍ക്കും പുറമെ ജോ റൂട്ട് 86 പന്തുകളില്‍ എട്ടു ബൗണ്ടറിയോടെ 85 റണ്‍സെടുക്കുകയും ചെയ്‌തതോടെയാണ് അമ്പത് ഓവറില്‍ 444 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഇംഗ്ലണ്ടിന് സ്വന്തമാക്കാന്‍ സാധിച്ചത്.

അതേസമയം, നാണക്കേടിന്റെ പടുകുഴിയില്‍ വീണ പാകിസ്ഥാനും സ്വന്തമാക്കി റെക്കോര്‍ഡുകള്‍. 10 ഓവറില്‍ വിക്കറ്റൊന്നും എടുക്കാതെ 110 റണ്‍സ് വഴങ്ങിയ പാക് പേസ് ബൗളര്‍ വഹാബ് റിയാസ് ഏകദിനത്തില്‍ ഏറ്റവും റണ്‍സ് വഴങ്ങിയതില്‍ രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിക്ക് ലൂയിസ് വിക്കറ്റുനേടാതെ 113 റണ്‍സ് വിട്ടുകൊടുത്തതാണ് ‘റെക്കോര്‍ഡ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്താന്‍ 42.4 ഓവറില്‍ 275 റണ്‍സിന് പുറത്തായതോടെ ഇംഗ്ലണ്ട് 169 റണ്‍സിന് വിജയം കണ്ടു.

വെബ്ദുനിയ വായിക്കുക