ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹമത്സരം ഇന്ന്, ഇന്ത്യയ്ക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവസാന ചാൻസ്

Webdunia
തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (16:51 IST)
ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ടി20 ക്രിക്കറ്റിലെ നിർണായക ശക്തിയാണെങ്കിലും ലോകകപ്പിനൊരുങ്ങുന്ന ടീം ഒരു ടീം എന്ന നിലയിൽ ഇതുവരെയും ഒരു ടി20 മത്സരത്തിൽ കളിച്ചിട്ടില്ല. അതിനാൽ തന്നെ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹമത്സരങ്ങൾ ടീമിന്റെ തയ്യാറെടുപ്പിന് നിർണായകമാണ്.
 
ലോകകപ്പിന് മുൻപ് ടീം കോമ്പിനേഷൻ കണ്ടെത്തുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നി‌ലുള്ള പ്രധാനവെല്ലുവിളി. രോഹിത് ശർമയ്ക്കൊപ്പം മിന്നും ഫോമിലുള്ള കെഎൽ രാഹുൽ ഓപ്പണിങിനെത്തുമെന്ന് സ്വാഭാവികമായി കരുതാമെങ്കിലും ഇഷാൻ കിഷനെ ടീമിന്റെ ഓപ്പണർ സ്ഥാനത്തിനായി പരിഗണിക്കുന്നു‌ണ്ട്. സന്നാഹമത്സരത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ ധാരണയിലെത്തുക.
 
ഇന്ത്യൻ ടി20 ടീമിലെ നിർണായകസാന്നിധ്യമായ ഹാർദ്ദിക് പാണ്ഡ്യ ബാറ്റ്സ്മാൻ എന്ന നിലയിലും ബൗളർ എന്ന നിലയിലും കുറച്ചുകാലമായി സംഭാവനകൾ ഒന്നും തന്നെ നൽകുന്നില്ല. ശാർദ്ദൂൽ ഠാക്കൂറും ടീമിൽ ഇടം കണ്ടെത്തിയതോടെ ഫിറ്റ്‌നസ് തെളിയിക്കാനും ഫോം വീണ്ടെടുക്കാനും ഹാര്‍ദിക്കിന് ലഭിക്കുന്ന അവസാനത്തെ അവസരം കൂടിയായിരിക്കും ഇംഗ്ലണ്ടിനെതിരെയും ഓസീസിനെതിരെയും നടക്കുന്ന സന്നാഹമത്സരങ്ങൾ.
 
ടീ‌മിന്റെ ബാറ്റിങ് പൊസിഷനുകളെ പറ്റിയും തീരുമാനം നടത്താനുള്ള അവസാന അവസരങ്ങളാണ് ഇനി നടക്കാനിരിക്കുന്ന മത്സരങ്ങൾ. സ്പിൻ ബൗളിങിൽ രവീന്ദ്ര ജഡേജയേയും വരുൺ ചക്രവർത്തിയേയുമാണ് പരിഗണിക്കുന്നത്. മൂന്നാമത് സ്പിന്നറായി അശ്വിനെയോ രാഹുൽ ചഹാറിനെയോ എടുക്കാനും സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article