ഈ വര്‍ഷത്തെ (2015) ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐയുടെ പുരസ്‌കാരം ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിക്ക്. മികച്ച വനിതാ ക്രിക്കറ്ററായി തെരഞ്ഞെടുത്തിരിക്കുന്നത് മിഥാലി രാജിനെയാണ്. കർണാടക ക്രിക്കറ്റ് അസോസിയേഷനാണ് മികച്ച ക്രിക്കറ്റ് അസോസിയേഷൻ.
സൂപ്പര്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്നാണ് ടെസ്‌റ്റ് നായകസ്ഥാനം വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. അതിനുശേഷം ശ്രീലങ്കയെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ കരുത്തരായ ദക്ഷിണാഫ്രിക്കയെ സ്വന്തം നാട്ടില്‍ തരിപ്പണമാക്കുകയും ചെയ്‌തിരുന്നു. അവാർഡിന് പരിഗണിച്ച കാലയളവിൽ കോഹ്‌ലി 15 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്ന് 42.67 ശരാശരിയിൽ 640 റൺസ് നേടി. 20 മത്സരങ്ങളിൽ നിന്ന് 36.65 ശരാശരിയിൽ 623 റൺസാണ് ഏകദിനത്തിലെ സമ്പാദ്യം.
ഏകദിന ക്രിക്കറ്റിൽ 5,000 റൺസ് പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും വനിതാ ക്രിക്കറ്ററാണ് മിഥാലി രാജ്. എംഎ ചിദംബരം അവാർഡാണ് മിഥാലിക്ക് സമ്മാനിക്കുക. ഈ സീസണിൽ രഞ്ജി ട്രോഫി, ഇറാനി കപ്പ്, വിജയ് ഹസാരെ ട്രോഫി എന്നിവ നേടിയതാണ് കർണാടക ക്രിക്കറ്റ് അസോസിയേഷനെ മികച്ച അസോസിയേഷനായി തെരഞ്ഞെടുക്കാന്‍ കാരണമാക്കിയത്.