Tamim Iqbal: മുൻ ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിന് മത്സരത്തിനിടെ ഹൃദയാഘാതം, ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ

തിങ്കള്‍, 24 മാര്‍ച്ച് 2025 (12:52 IST)
ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് താരം തമീം ഇഖ്ബാലിന് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബും ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള ധാക്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. 35കാരനായ ഓപ്പണര്‍ക്ക് മൈതാനത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിര വൈദ്യസഹായം നല്‍കി.
 
ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഫാസിലതുനൈസ ആശുപത്രിയിലേക്ക് കൊണ്ടുപോയി. താരത്തിന്റെ അവസ്ഥ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് ഫിസിഷ്യന്‍ ഡോ ദേബാഷിഷ് ചൗധരി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ചികിത്സ നടപടികള്‍ മുന്നോട്ട് പോവുകയാണ്. തുടര്‍ ചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്.
 
 ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച തമീം 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും ബംഗ്ലാദേശിനായി കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് തമീം ഇഖ്ബാല്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍