ട്വന്റി 20 ലോകകപ്പ്: ഓസ്ട്രേലിയക്കും പാകിസ്ഥാനും ഇന്ന് നിര്‍ണ്ണായകം; വിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് ജയിച്ചേ തീരൂ

വെള്ളി, 25 മാര്‍ച്ച് 2016 (08:54 IST)
ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിനെയും പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയെയും  നേരിടും. സെമി സാധ്യത മങ്ങിയെങ്കിലും ഓസീസിനെതിരായ ഇന്നത്തെ മത്സരം പാക്കിസ്ഥാന് അഭിമാന പോരാട്ടമാണ്. ഗ്രൂപ്പ് വണ്ണില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-വിന്‍ഡീസ് പോരാട്ടവും നിര്‍ണായകമാണ്.
 
മൂന്ന് മത്സരങ്ങളില്‍ നിന്നായി ഒരു ജയം മാത്രം നേടിയ അഫ്രിദിക്കും സംഘത്തിനും സൂപ്പര്‍ ടെന്നിലെ അവസാന മത്സരവും കൈവിട്ടാല്‍ നാട്ടില്‍ ആരാധകരുടെ കലാപക്കൊടി കാണേണ്ടി വരും. എന്നാല്‍ അടുത്ത മത്സരം ഇന്ത്യക്കെതിരേ ആണെന്നതിനാല്‍ മത്സരം വിട്ടുകൊടുക്കാന്‍ കങ്കാരുക്കളും ഇന്ന് തയ്യാറാകില്ല. അതിനാല്‍ ഇരുവര്‍ക്കും ഇന്നത്തെ മത്സരം ജീവന്‍ മരണ പോരാട്ടമാണ്. മൊഹാലിയിലെ പി സി എ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. 
 
ഗ്രൂപ്പ് വണ്ണിലെ വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക പോരാട്ടവും വളരെ നിര്‍ണായകമാണ്. ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും കീഴടക്കിയ വിന്‍ഡീസിന് തന്നെയാണ് ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം. എന്നിരുന്നാലും മാരക പ്രഹരശേഷിയുളള നിരയാണ് ദക്ഷിണാഫ്രിക്കയുടേത്. ക്രിസ് മോറീസിന്റെ വരവോടെ ദക്ഷിണാഫ്രിക്കയുടെ ബൗളിംങ്ങ് നിരയും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 200 റണ്‍സിന് മുകളില്‍ ദക്ഷിണാഫ്രിക്ക സ്‌കോര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് രാത്രി 07.30ന് വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരം.
 

വെബ്ദുനിയ വായിക്കുക