നാളെ മുതല്‍ തലങ്ങും വിലങ്ങും അടിയോട് അടി; ധോണിയെ ഒതുക്കാന്‍ കോഹ്‌ലി- ഇനിയാണ് കളിയുടെ പൂരം

വെള്ളി, 8 ഏപ്രില്‍ 2016 (16:42 IST)
ട്വന്റി-20 ലോകകപ്പ് ആരവങ്ങള്‍ കരീബിയന്‍ നാടുകളില്‍ ആഘോഷമായി തുടരുമ്പോള്‍ ക്രിക്കറ്റ് ഭ്രാന്തന്മാരുടെ നാട്ടില്‍ ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പൂരം. കഴിഞ്ഞ സീസണില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് ടീമുകള്‍ക്ക് വാതുവെപ്പ് ഇടപാടില്‍ വിലക്ക് നേരിടേണ്ടിവന്ന വലിയ നാണക്കേടില്‍ നിന്നാണ് ഐപിഎല്ലിന്റെ ഒമ്പതാം സീസണ്‍ ആരംഭിക്കുന്നത്.

ബാറ്റിംഗിലും ബോളിംഗിലും തീ പടരുബോള്‍ ഇത്തവണയും ഐപിഎല്‍ വെടിക്കെട്ടാകുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ലോകക്രിക്കറ്റിലെ അതികായന്മാരായ ക്രിസ് ഗെയിലും എബി ഡിവില്ലിയേഴ്‌സും പതിവ് പോലെ ബൌണ്ടറികള്‍‌കൊണ്ട് ആഘോഷിക്കുമെന്ന് ഉറച്ചുവിശ്വസിക്കുബോഴും വിരാട് കോഹ്‌ലിയുടെ മാന്ത്രികതയും മഹേന്ദ്ര സിംഗ് ധോണിയുടെ ‘സ്‌പെഷ്യലും‍’ ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇവര്‍ക്കൊപ്പം ഡ്വെ്ന്‍ ബ്രാവോ, കീറണ്‍ പൊള്ളാര്‍ഡ്, ബ്രാത്വെയ്റ്റ്, ബ്രണ്ടന്‍ മക്കല്ലം, ആന്ദ്രെ റസല്‍, ഫാഫ് ഡുപ്ളസിസ്, ഡേവിഡ് വാര്‍ണര്‍, ഷെയ്ന്‍ വാട്സണ്‍ തുടങ്ങിയ വമ്പന്‍താരങ്ങളാണ് വിവിധ ടീമുകളില്‍ അണിനിരക്കുന്നത്. മലയാളിതാരങ്ങളായ സഞ്ജു വി സാംസണ്‍, സച്ചിന്‍ ബേബി എന്നിവര്‍ക്ക് നിര്‍ണായകമാണ് ഈ ഐപിഎല്‍.  

ധോണിയുടെ സൂപ്പര്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഷെയ്ന്‍ വാട്സണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍‌സിനുമാണ് കോഴ ഇടപാടില്‍ വിലക്ക് നേരിടേണ്ടിവന്നത്. അതിനാല്‍ പുനെ സൂപ്പര്‍ ജയന്‍റ്സിന്റെ നായകനായിട്ടാണ് ധോണിയെത്തുന്നത്. രാജസ്ഥാന് പകരമായി ഗുജറാത്ത് ലയണ്‍സും ഇത്തവണ പോരിനുണ്ട്. ചെന്നൈയിലെയും റോയല്‍‌സിന്റെയും താരങ്ങളെ ഇരുവരും സ്വന്തമാക്കുകയായിരുന്നു. രോഹിത് ശര്‍മയാണ് മുംബൈയുടെ ക്യാപ്റ്റന്‍. മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ളൂര്‍, സണ്‍റൈസ് ഹൈദരാബാദ്, പുതിയ ടീമായ ഗുജറാത്ത് ലയണ്‍സ് എന്നിവരാണ് മറ്റു ടീമുകള്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യന്‍സും രണ്ടുവട്ടം ചാമ്പ്യന്മാരായ ടീമുകള്‍. രാജസ്ഥാന്‍ റോയല്‍സും ഡെക്കാന്‍ ചാര്‍ജേഴ്സുമാണ് കപ്പു നേടിയ മറ്റു രണ്ടു ടീമുകള്‍. ഏറ്റവുംകൂടുതല്‍ ഫൈനല്‍ കളിച്ച ടീമാണ് ചെന്നൈ. ആറുതവണയാണ് ടീം ഫൈനലില്‍ ഇടംപിടിച്ചത്. ഫൈനല്‍ അടക്കം മൊത്തം 60 മത്സരങ്ങളുടെതാണ് ഷെഡ്യൂള്‍. മേയ് 29ന് വാങ്കഡേയില്‍ തന്നെയാണ് ഫൈനലും നടക്കുന്നത്. ഓരോ ടീമുകളും രണ്ടുവട്ടം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം.

വെബ്ദുനിയ വായിക്കുക