South Africa vs West Indies, T20 World Cup 2024: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് പുറത്ത്. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റാണ് വെസ്റ്റ് ഇന്‍ഡീസ് പുറത്തായത്. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 17 ഓവറില്‍ 123 ആയി പുനര്‍നിശ്ചയിക്കപ്പെട്ടു. 16.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്തു.
ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു. 42 പന്തില്‍ 52 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസ് ആണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ കെയ്ല്‍ മയേഴ്‌സ് 34 പന്തില്‍ 35 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് കളിയിലെ താരം.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് ആകുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ വീണു. നാലാമനായി എത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (27 പന്തില്‍ 29), ഹെന്‍ റിച്ച് ക്ലാസന്‍ (10 പന്തില്‍ 22), മാര്‍ക്കോ ജാന്‍സണ്‍ (14 പന്തില്‍ പുറത്താകാതെ 21) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി റോസ്റ്റണ്‍ ചേസ് മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആന്ദ്രേ റസലിനും അല്‍സാരി ജോസഫിനും രണ്ട് വീതം വിക്കറ്റുകള്‍.