T20 World Cup 2024: യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി 2024 ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നിന് ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ് ആദ്യ മത്സരം. ജൂണ്‍ 29 ന് ബാര്‍ബഡോസിലാണ് ഫൈനല്‍ മത്സരം. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. യുഎസ്, കാനഡ, അയര്‍ലന്‍ഡ്, പാക്കിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍.
ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കില്‍ നടക്കും. ജൂണ്‍ 12 നാണ് ഇന്ത്യ-യുഎസ് മത്സരം. ഇന്ത്യ-കാനഡ മത്സരം ജൂണ്‍ 15 നു നടക്കും.
നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ ട്വന്റി 20 ലോകകപ്പ്. ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകള്‍ വീതം. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനും നാല് മത്സരങ്ങള്‍ ഉണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് റൗണ്ടിലേക്ക് കടക്കും. യുഎസും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായാണ് ഇത്തവണത്തെ ട്വന്റി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 26, 27 ദിവസങ്ങളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.