വിളി വന്നത് നെറ്റ്‌സിൽ പന്തെറിയാൻ, തുടർന്ന് മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം, അപൂർവ നേട്ടവുമായി നടരാജൻ
ഐപിഎല്ലിലെ മിന്നുന്ന ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് തമിഴ്നാട്ടുകാരനായ തങ്കരശു നടരാജൻ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തിരഞ്ഞെടുക്കപ്പെടുന്നത്. അതും ടീമിന്റെ നെറ്റ് ബൗളറായി മാത്രം. എന്നാൽ ഇന്ത്യൻ താരങ്ങൾ കൂട്ടത്തോടെ പരിക്കിന്റെ പിടിയിലായതോടെ നടരാജന് ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അവസരം ലഭിച്ചു.
ഏകദിനത്തിൽ മാത്രമല്ല, ടി20,ടെസ്റ്റ് ഫോർമാറ്റുകളിലും ഓസീസിനെതിരെ അരങ്ങേറ്റം കുറിക്കാൻ നടരാജനായി. ഇതോടെ ക്രിക്കറ്റിൽ അപൂർവമായ ഒരു റെക്കോർഡുകൂടി സ്വന്തമാക്കിയിരിക്കുകയാണ് ഈ തമിഴ്‌നാട്ടുകാരൻ. ഒരു പര്യടനത്തിൽ തന്നെ മൂന്ന് ഫോർമാറ്റുകളിലും രാജ്യത്തിനായി അരങ്ങേറുന്ന ആദ്യ ഇന്ത്യൻ താരമെന്ന തിരുത്താനാവാത്ത റെക്കോർഡാണ് നടരാജൻ സ്വന്തമാക്കിയത്. ടെസ്റ്റ് ടീമിൽ ഇഷാന്ത് ശർമ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി,ജസ്‌പ്രീത് ബുമ്ര എന്നിവരുടെ പരിക്കാണ് നടരാജന് ടെസ്റ്റ് അവസരത്തിന് വഴിയൊരുക്കിയത്.