മഴ പെയ്താല്‍ ന്യൂസിലന്‍ഡ് ഫൈനലിലെത്തും; പണി കിട്ടുമോ എന്ന പേടിയില്‍ പാക്കിസ്ഥാന്‍

Webdunia
ബുധന്‍, 9 നവം‌ബര്‍ 2022 (09:27 IST)
ട്വന്റി 20 ലോകകപ്പ് കലാശക്കൊട്ടിലേക്ക് അടുത്തിരിക്കുകയാണ്. രണ്ട് സെമി ഫൈനലുകളും ഒരു ഫൈനലുമാണ് ഇനി ശേഷിക്കുന്നത്. ആദ്യ സെമി ഫൈനലില്‍ ഗ്രൂപ്പ് ഒന്നിലെ ചാംപ്യന്‍മാരായ ന്യൂസിലന്‍ഡും ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ഗ്രൂപ്പ് രണ്ടിലെ ചാംപ്യന്‍മാരായ ഇന്ത്യയും ഗ്രൂപ്പ് ഒന്നിലെ ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം. യഥാക്രമം ഇന്നും നാളെയുമായാണ് രണ്ട് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. 
 
ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ മഴ വില്ലനായത് പല ടീമുകളുടേയും സെമി പ്രവേശനത്തിനു വിലങ്ങു തടിയായി. ഇപ്പോള്‍ ഇതാ സെമി ഫൈനല്‍ മത്സരങ്ങളിലും മഴ പെയ്താല്‍ എന്താണ് സംഭവിക്കുകയെന്ന് ആരാധകര്‍ ഗൂഗിളില്‍ തെരയുകയാണ് ! 
 
സെമി ഫൈനല്‍ മത്സരം മഴ മൂലം തടസപ്പെട്ടാല്‍ അടുത്ത ദിവസം മത്സരം നടത്താനുള്ള സാധ്യതയുണ്ട്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കായി റിസര്‍വ് ഡേ നല്‍കിയിട്ടുണ്ട്. അതായത് മത്സരം നിശ്ചയിച്ച ദിവസം മഴ പെയ്താല്‍ തൊട്ടടുത്ത ദിവസം കളി നടത്താം. എവിടെ വച്ചാണോ മത്സരം നിര്‍ത്തിയത് അവിടെ നിന്ന് പിറ്റേ ദിവസം മത്സരം തുടരാം. ഇനി റിസര്‍വ് ദിവസവും മഴ പെയ്താലോ? അപ്പോഴാണ് ട്വിസ്റ്റ് ! റിസര്‍വ് ദിവസവും മഴ പെയ്താല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമി ഫൈനലില്‍ പ്രവേശിച്ചവരെ വിജയികളായി പ്രഖ്യാപിക്കും. 
 
അതായത് ഇന്ന് നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ് - പാക്കിസ്ഥാന്‍ മത്സരം മഴ മൂലം തടസപ്പെട്ടാല്‍ അത് റിസര്‍വ് ഡേയായ നാളേക്ക് മാറ്റും. നാളെയും നടന്നില്ലെങ്കില്‍ ഗ്രൂപ്പ് ഒന്നിലെ ചാംപ്യന്‍മാരായ ന്യൂസിലന്‍ഡ് ഫൈനലിലേക്ക് പ്രവേശിക്കും. പാക്കിസ്ഥാന്‍ പുറത്താകും. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. 
 
ഫൈനലിനും ഇങ്ങനെ റിസര്‍വ് ഡേ ഉണ്ട്. മഴ പെയ്താല്‍ തൊട്ടടുത്ത ദിവസത്തേക്ക് കളി മാറ്റും. റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ ഇരു ടീമുകളേയും ചാംപ്യന്‍മാരായി പ്രഖ്യാപിക്കുകയാണ് ചെയ്യുക. 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article