ഇന്ത്യയുടെ മധ്യനിരയില്‍ വിശ്വസ്തനായ ബാറ്ററാണ് ശ്രേയസ് അയ്യര്‍. ടി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ സ്ഥാനം പിടിക്കാന്‍ കഴിയാത്തതില്‍ ശ്രേയസിന് വിഷമമുണ്ട്. പരുക്കിനെ തുടര്‍ന്ന് കുറച്ച് നാളത്തേക്ക് ശ്രേയസ് വിശ്രമത്തിലായിരുന്നു. ടി 20 ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ ശ്രേയസിനു സാധിക്കാതെ പോയത് ഈ കാരണത്താല്‍ മാത്രമാണ്. എന്നാല്‍, ശ്രേയസിന്റെ കഴിവിനെ കുറിച്ച് പൂര്‍ണ ബോധ്യമുള്ള സെലക്ടര്‍മാര്‍ സ്റ്റാന്‍ഡ്‌ബൈ താരങ്ങളുടെ പട്ടികയില്‍ ശ്രേയസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മധ്യനിരയില്‍ ശ്രേയസ് നല്‍കുന്ന സംഭാവന ഏറെ വിലപ്പെട്ടതാണ്. ആദ്യ രണ്ട് വിക്കറ്റുകള്‍ അതിവേഗം നഷ്ടമാകുമ്പോള്‍ ആണ് ശ്രേയസ് അയ്യരെ പോലെ ഒരു ബാറ്ററുടെ സാന്നിധ്യം എത്രത്തോളം വിലപ്പെട്ടതാണെന്ന് മനസിലാകുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹിയുടെ ആദ്യ രണ്ട് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായപ്പോള്‍ ശ്രേയസിന്റെ ഇന്നിങ്‌സ് ആണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചത്.
മധ്യനിരയിലെ മറ്റൊരു ബാറ്ററായ റിഷഭ് പന്തിനെ ഒപ്പം നിര്‍ത്തി കളിപ്പിക്കാനുള്ള ശ്രേയസ് അയ്യരുടെ കഴിവും അപാരമാണ്. ശ്രേയസും റിഷഭും ഡല്‍ഹിക്ക് വേണ്ടി ഒന്നിച്ചുകളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവരും തമ്മില്‍ നല്ല കോംബിനേഷന്‍ ഉണ്ട്. പലപ്പോഴും അലസമായ ഷോട്ടുകളിലേക്ക് പോകുന്ന പന്തിനെ നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ നിന്ന് ഗുണദോഷിക്കുന്ന ശ്രേയസ് അയ്യരെ നാം കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ വിരാട് കോലിക്കൊപ്പമോ അതിനു മുകളിലോ ആണ് ശ്രേയസിന്റെ സാന്നിധ്യം. ശ്രേയസ് അയ്യര്‍ക്കൊപ്പം ബാറ്റ് ചെയ്യുന്ന റിഷഭ് പന്തിലും ഈ പോരാട്ടവീര്യം പ്രകടമാകാറുണ്ട്.