തീരുമാനിക്കാൻ ധോണി ആര്? കോഹ്ലി വേണമെന്ന് സൂപ്പർതാരം!

ചിപ്പി പീലിപ്പോസ്

വെള്ളി, 24 ജനുവരി 2020 (17:07 IST)
ലോകകപ്പിൽ ന്യൂസിലൻഡിനോട് ഇന്ത്യ തോറ്റ ശേഷം ഇതിസാഹ വിക്കറ്റ് കീപ്പർ എം എസ് ധോണി ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടില്ല. ധോണിയെ ഇനി ഐ പി എല്ലിൽ മാത്രമാകും കാണാൻ സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും ധോണി തിരിച്ചുവന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരില്ല. 
  
ഇന്ത്യൻ ടീമിനു അത്ര പെട്ടന്ന് ഒഴിവാക്കാൻ കഴിയുന്ന താരമല്ല ധോണി. ധോണിയെ തങ്ങൾക്ക് ഇനിയും വേണമെന്ന് പറയുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരം കൂടിയാണ് റെയ്‌ന. 
 
കളി നിര്‍ത്താന്‍ ധോണി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വലിയ ബഹളങ്ങൾ ഉണ്ടാക്കാതെ നിശബ്ദനായി അദ്ദേഹം ക്രിക്കറ്റ് വിടും. അപ്രതീക്ഷിതമായിരിക്കും അദ്ദേഹം വിടപറയൽ പ്രഖ്യാപനം നടത്തുക എന്നാണ് സാധ്യത. 
 
ഇപ്പോഴും മികച്ച ഫിറ്റ്‌നസ് ധോണിക്കുണ്ടെന്ന് റെയ്ന പറയുന്നു. പക്ഷേ, ധോണി തുടർന്നു നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്നാണ് റെയ്നയുടെ അഭിപ്രായം. ധോണിയെ ഇനി ദേശീയ ടീമിനു വേണമോയെന്നു തീരുമാനിക്കേണ്ടത് കോഹ്ലിയാണ്. 
 
ടീമില്‍ തിരിച്ചെത്തുകയെന്നത് അദ്ദേഹത്തിനു എളുപ്പമാവില്ല. മികച്ച ഫോമില്‍ തുടരുന്നതിനൊപ്പം കോലിയും കൂടി ശ്രമിച്ചാല്‍ മാത്രമേ ധോണിയെ വീണ്ടും നീലക്കുപ്പായത്തിൽ കാണാൻ കഴിയുകയുള്ളു. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിനു മുന്നോടിയായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍