കോലി സച്ചിനെ വിളിച്ച് ഉപദേശം തേടണം: നിർദേശവുമായി ഗവാസ്‌കർ

വെള്ളി, 31 ഡിസം‌ബര്‍ 2021 (20:25 IST)
ടെസ്റ്റ് ക്രിക്കറ്റിൽ താളം വീണ്ടെടുക്കാൻ സാധിക്കാതെ പ്രയാസപ്പെടുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി. ലീഡ്‌സിൽ പ്രയാസപ്പെട്ടപ്പോൾ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രയോഗിച്ച തന്ത്രം കോഹ്‌ലിയും പിന്തുടരണമെന്നും സച്ചിനോട് വിളിച്ച് ഉപദേശം തേടണമെന്നും ഗവാസ്‌കർ അഭിപ്രായപ്പെട്ടു.
 
ഓഫ്‌സൈഡിന് പുറത്തേക്ക് പോവുന്ന ബോളുകളിൽ പുറത്താവുന്ന പതിവ് അവസാനിപ്പിക്കുന്നത് എങ്ങനെയെന്ന് കോലി സച്ചിനോട് വിളിച്ച് ഉപദേശം തേടണം. സച്ചിന്‍ ടെണ്ടുല്‍ക്കറെ വിരാട് ഫോണില്‍ വിളിക്കുകയാണെങ്കില്‍ അത് മനോഹരമായ കാര്യമായിരിക്കും. ഗവാസ്‌കർ പറഞ്ഞു.
 
2003-04ൽ ഓസ്ട്രേലിയക്കെതിരെ സച്ചിൻ എങ്ങനെയാണ് ഓഫ്‌സൈഡ് പ്രശ്‌നം അതിജീവിച്ചതെന്ന് ചോദിച്ച് മനസിലാക്കണം. ആ സമയത്ത് സച്ചിന്‍ കവേഴ്സിലോ വിക്കറ്റിനു പിന്നിലോ ഇതേ ബോളുകള്‍ കളിച്ച് തുടര്‍ച്ചയായി പുറത്തായിരുന്നു. പക്ഷെ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ കവേഴ്സിലേക്ക് ഷോട്ട് കളിക്കില്ലെന്ന് സച്ചിൻ തീരുമാനമെടുത്തു.
 
മിഡ് ഓണിലൂടെയോ, സ്ട്രെയ്റ്റോ, ഓണ്‍ സൈഡിലൂടെയോ മാത്രമേ ഷോട്ട് കളിക്കൂയെന്ന ദൃഢനിശ്ചയത്തോടെ സച്ചിന്‍ അന്നു കളിച്ചു. ആദ്യ ഇന്നിങ്സിൽ പുറത്താവാതെ 241 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. രണ്ടാമിന്നിങ്സില്‍ പുറത്താവാതെ 60 റണ്‍സോ മറ്റോ നേടാനും സച്ചിനായി ഗവാസ്‌കർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍