മെലിഞ്ഞവരെ വേണമെങ്കിൽ മോഡലുകളെ തിരെഞ്ഞെടുക്കു: ഷമയ്ക്കെതിരെ ഗവാസ്കർ

അഭിറാം മനോഹർ

ചൊവ്വ, 4 മാര്‍ച്ച് 2025 (13:52 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശര്‍മക്കെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് നടത്തിയ വിമര്‍ശനങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. ഒരു കായികതാരമെന്ന നിലയിലുള്ള ഫിറ്റ്‌നസ് താരത്തിനില്ലെന്നും അമിതവണ്ണമാണുള്ളതെന്നും രോഹിത് മികച്ച നായകനല്ലെന്നും ഷമ മുഹമ്മദ് എക്‌സില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരണം രൂക്ഷമായതോടെ ഷമ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഷമയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌കര്‍.
 
 മികച്ച രീതിയില്‍ കളിക്കുന്നുണ്ടോ എന്നത് മാത്രമാണ് പ്രധാനമെന്നും മെലിഞ്ഞ ആളുകളെ വേണമെങ്കില്‍ മോഡലുകളെ തിരെഞ്ഞെടുക്കുവെന്നും ഇന്ത്യ ടുഡേയോട് ഗവാസ്‌കര്‍ പ്രതികരിച്ചു. ഞാന്‍ എപ്പോഴും പറയാറുണ്ട്. നിങ്ങള്‍ക്ക് മെലിഞ്ഞ ആളുകളെ മാത്രമാണ് വേണ്ടതെങ്കില്‍ മോഡലിങ് കോമ്പിറ്റീഷന്‍ തിരെഞ്ഞെടുക്കു. ഇവിടെ ക്രിക്കറ്റ് എങ്ങനെയാണ് കളിക്കുന്നത് എന്ന് മാത്രമാണ് നോക്കുന്നത്. സര്‍ഫറാസ് ഖാന്റെ കാര്യം തന്നെ നോക്കു. അദ്ദേഹം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 150 റണ്‍സ് നേടുകയും പിന്നാലെ അര്‍ധസെഞ്ചുറികള്‍ തികയ്ക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്താണ് പ്രശ്‌നം. ഒരാളുടെ വണ്ണത്തിന് ഇതില്‍ ഒന്നും ചെയ്യാനില്ല. ദീര്‍ഘനേരം ബാറ്റ് ചെയ്യുക റണ്‍സ് നേടുക എന്നതെല്ലാം മാനസികമായ കരുത്തിനെ സംബന്ധിക്കുന്ന കാര്യമാണ്. ഗവാസ്‌കര്‍ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍